ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക ഘട്ടത്തില്‍ അത്യാഹിതത്തിന് ഇരയായ ആദ്യ ടീമെന്ന നാണക്കേട് ഇംഗ്ലീഷ് ജൈന്റസ് ചെല്‍സിക്ക്. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള ബേസല്‍ മുന്‍ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. നീലപ്പട വീണ ദിനത്തില്‍ സ്പാനീഷ് സൂപ്പര്‍ ക്ലബ്ബ് ബാഴ്സലോണയും ഇറ്റാലിയന്‍ പ്രതിനിധി എസി മിലാനും മറ്റൊരു ഇംഗ്ലിഷ് സാന്നിധ്യം ആഴ്സണലും ജയം കണ്ടു.
സ്വന്തം തട്ടകമായ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ ഇതില്‍പ്പരമൊരു ഗതികേട് ചെല്‍സിക്കു വരാനില്ലായിരുന്നു. സൂപ്പര്‍ കോച്ച് ഹോസെ മൗറീഞ്ഞോയുടെ തന്ത്രങ്ങളെ നിര്‍വീര്യമാക്കിയ സ്വിസ് സംഘം വൈകിക്കുറിച്ച രണ്ടുഗോളുകളിലൂടെ ജയിച്ചു കയറി.
ചെല്‍സി തന്നെയാണ് നന്നായി തുടങ്ങിയത്. ഒന്നാം പകുതിയില്‍ അവര്‍ മികച്ച നീക്കങ്ങള്‍ നടത്തി. 45-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഓസ്കര് ഇംഗ്ലീഷ് പടയെ മുന്നി ലെത്തിക്കുകയും ചെയ്തു. ഫ്രാങ്ക് ലാംപര്ഡിന്റെ ബുദ്ധിപൂര്‍വമായ ത്രൂപാസ് പിടിച്ചെടുത്ത ഓസ്കാര്‍ ഓട്ടത്തിനിടെ തൊടുത്ത ഷോട്ട് ബേസിലിന്റെ വലയില്‍ ഊളിയിട്ടു (1-0). രണ്ടാം പകുതിയിലും ചെല്‍സി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. ഓസ്കറിന്റെ ഷോട്ടിന് ക്രോസ് ബാര്‍ പ്രതിബന്ധം തീര്‍ത്തു. ചില സെറ്റ് പീസുകളിലൂടെയും ചെല്‍സി എതിരാളിയുടെ ഗോള്‍ ഏരിയയില്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ ലീഡ് ഉയര്‍ത്താന്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കിയ ചെല്‍സിയെ ബേസല്‍ കഠിനമായി ശിക്ഷിച്ചുകളഞ്ഞു. 71-ാം മിനിറ്റില്‍ മാര്‍ക്കോ സ്ട്രെല്ലറുടെ ക്രോസ് കാല്‍ക്കീഴിലാക്കിയ മുഹമ്മദ് സലാ ബേസലിനെ ഒപ്പമെത്തിച്ചു (1-1). പത്തു മിനിറ്റുകള്‍ക്കുശേഷം സ്ട്രെല്ലറുടെ സ്ട്രൈക്ക് ചെല്സിപ്പടയുടെ കഥയും കഴിച്ചു (2-1). ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റുമാനിയന്‍ ക്ലബ്ബ് സ്റ്റിവാ ബുക്കാറെസ്റ്റിന് ജര്‍മ്മന്‍ ടീം ഷാല്‍ക്കെ 3-0ത്തിന് പരാജയപ്പെടുത്തി. അറ്റ്സുറ്റോ ഉച്ചിഡ (67-ാം മിനിറ്റ്), കെവിന് ബോട്ടെങ്ങ് (78),ജൂലിയന്‍ ഡ്രാക്സ്ലര് (85) എന്നിവര്‍ വിജയികളുടെ സ്കോറ ര്മാര്.
മെസി ട്രിക്കില്‍ ബാഴ്സ
ഗ്രൂപ്പ് എച്ചില് ഹോളണ്ടില്‍ നിന്നെത്തിയ അയാക്സ് ആംസ്റ്റര്ഡമിന്റെ വലയില്‍ നാലു ഗോളുകളാണ് ബാഴ്സലോണ നിക്ഷേപിച്ചത്. അതില്‍ മൂന്നെണ്ണം സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വക. ഒരു ഗോള്‍ മടക്കാന്പോലും അയാക്സിനായില്ല. 22, 55,75 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. റയലിനായി ഹാട്രിക്ക് കുറിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കു മറുപടിയെന്നോണമായി മെസിയുടെ ഗോള്‍വേട്ട. ജെറാഡ് പിക്വെ (69) ബാഴ്സയുടെ പട്ടിക പൂര്‍ത്തിയാക്കി. ഇതേ ഗ്രൂപ്പില്‍ സെല്‍റ്റിക്കിനെ മിലാനും മറികടന്നു (2-0). സ്കോട്ടിഷ് പടയാളികള്‍ക്കു മുന്നില്‍ പാടെ നിറംമങ്ങിപ്പോയ മിലാനെ എമിലിയോ ഇസാഗിറെ (82-ാം മിനിറ്റ്)യുടെ സെല്‍ഫ് ഗോളും സുല്ലി മുണ്ടാരി (86)യുടെ ക്ലോസ് റേഞ്ചും ചേര്‍ന്ന് വിജയതീരമണയ്ക്കുകയായിരുന്നു.
ഗ്രൂപ്പ് എഫിലെ ഫ്രഞ്ച് സാന്നിധ്യം മാഴ്സെലെയെ രണ്ടാം പകുതിയില്‍ കണ്ടെത്തിയ ഇരട്ട ഗോളുകളുടെ ബലത്തില്‍ ആഴ്സണല്‍ പിന്തള്ളി. തിയോ വാല്‍ക്കോട്ട് (65), ആരോണ്‍ റാംസി (84) എന്നിവര്‍ ഗണ്ണേഴ്സിന്റെ സ്കോര്‍ ഷീറ്റില്‍ ഇടംനേടി. ഇഞ്ചുറി ടൈമില്‍ ജോര്‍ദാന്‍ അയേവ് ഒരു ഗോള്‍ മടക്കിയെങ്കിലും ആഴ്സന്‍ വെങ്ങറുടെ കുട്ടികളെ തടയാന്‍ അതുപോരായിരുന്നു. ഗ്രൂപ്പിലെ കരുത്തരുടെ അങ്കത്തില്‍ ജര്‍മ്മന്‍ ടീം ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ ഇറ്റാലിയന്‍ കൂട്ടമായ നാപ്പോളി 2-1ന് മലര്‍ത്തിയടിച്ചു. ഇരുപകുതികളിലായി ഗോണ്‍സാലോ ഹിഗ്വെയ്നും ലോറന്‍സോ ഇന്‍സിഗ്നെയും ബൊറൂഷ്യയുടെ വലകുലുക്കി. അവസാന നിമിഷങ്ങളിലൊന്നില്‍ യുവാന്‍ സുനിഗ്നയുടെ സെല്‍ഫ് ഗോള്‍ ബൊറൂഷ്യയ്ക്ക് ആശ്വാസമേകി. ഗ്രുപ്പ് ജിയില്‍ സ്പാനീഷ് ടീം അത്ലറ്റിക്കോ മാഡ്രിഡ് റഷ്യന്‍ ക്ലബ് സെനിത്തിനെയും (3-1) പോര്‍ച്ചുഗലിലെ എഫ്സി പോര്‍ട്ടോ ആസ്ട്രിയ വെയ്നെയും തോല്‍പ്പിച്ചു (1-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: