ആലപ്പുഴ: കടല്‍ വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതിനും കടല്‍സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച തീരദേശ ജാഗ്രതാ സമിതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനരഹിതമായി. ഇതിനു ലഭിക്കുന്ന കോടിക്കണക്കിന് രൂപ എങ്ങനെ ചെലവാക്കുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ രൂപരേഖയില്ല. തീരപ്രദേശങ്ങളിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് നൂറുകണക്കിന് ജാഗ്രതാസമിതികളാണ് രൂപീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവയെല്ലാം പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.
കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മൊബെയില്‍ സിംകാര്‍ഡും മാസം 300 രൂപയുടെ റീച്ചാര്‍ജും ചെയ്തുകൊടുക്കുന്നതാണ് പദ്ധതി. ആഴക്കടലില്‍ പരിചയമില്ലാത്ത ബോട്ടുകളും വിദേശികളെയും സംശയാസ്പദമായി കണ്ടാല്‍ വിവരങ്ങള്‍ പോലീസിന് കൈമാറുകയാണ് ഇവര്‍ ചെയ്യേണ്ടത്. കൂടാതെ ആഴക്കടലില്‍ നടക്കുന്ന സംഭവങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഈ അംഗങ്ങളാണ്.
മുംബൈ ആക്രമണവും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളും കള്ളക്കടത്തും വര്‍ധിച്ചതോടെയാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാസമിതികള്‍ രൂപീകരിച്ചതും പണം അനുവദിച്ചതും. എന്നാല്‍ ഇതിന് വേണ്ടത്ര ഗൗരവം നല്കാന് ഉദ്യോഗസ്ഥര്‍ തയാറാകാത്തതാണ് ജാഗ്രതാസമിതികള്‍ പരാജയപ്പെടാന്‍ കാരണമെന്നും പറയുന്നു. കൃത്യമായി തൊഴിലാളികള്‍ക്ക് മൊബെയില്‍ റീച്ചാര്‍ജ് ചെയ്ത് കൊടുക്കാത്തതും ജാഗ്രതാ സമിതികള്‍ നിര്ജീവമാകാന് ഇടയാക്കി.
എല്ലാ മാസവും ജാഗ്രതാസമിതികള്‍ കൂടണമെന്ന നിര്‍ദേശവും പാലിക്കാറില്ല. ഇതിന് അതത് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥനാണ് ചുമതല. 300 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്ത് കൊടുക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും 100 രൂപയ്ക്ക് മാത്രമാണ് ചാര്‍ജ് ചെയ്ത് നല്‍കാറുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷമായി 100 രൂപ പോലും ചാര്‍ജ് ചെയ്യുന്നതിന് നല്‍കാറില്ല. ജാഗ്രതാ സമിതി യോഗങ്ങള്‍ പേരിനു മാത്രമാണ് ഇപ്പോള്‍ വിളിച്ചുചേര്‍ക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ വിവരമറിയിക്കാതെ താത്പര്യമുള്ളവരെ മാത്രം വിളിച്ചുകൂട്ടി പേരിന് യോഗം കൂടുകയാണ് പതിവ്.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: