കൊച്ചി: ശബരിമലയില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു.
ശബരിമല വികസനത്തിന് വനംവകുപ്പ് നല്കിയ ഭൂമിയില്‍ യാതൊരു നിര്‍മ്മാണപ്രവര്‍ത്തനത്തിനും വനംവകുപ്പ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ശബരിമല വികസനത്തിനായി വിട്ടുനല്‍കിയ ഭൂമിക്ക് കോടികളാണ് ദേവസ്വം ബോര്‍ഡില്‍നിന്ന് വനംവകുപ്പ് കൈപ്പറ്റിയത്. ഈ ഭൂമിയാണ് വനംവകുപ്പ് നിയന്ത്രണത്തില്‍ തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല റോഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വനംവകുപ്പ് തടസം നില്‍ക്കുകയാണ്. വനമേഖലയില്‍ ടൂറിസത്തിന് എല്ലാവിധ സൗകര്യങ്ങളും നല്കുന്ന വനംവകുപ്പ്, ശബരിമല തീര്‍ത്ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് നീതിയല്ല. പുല്ലുമേട് കാനനപാതയിലൂടെ തീര്‍ത്ഥാടകരുടെ യാത്ര തടഞ്ഞത് വനംവകുപ്പിന്റെ കര്‍ശനമായ ആവശ്യത്തെത്തുടര്‍ന്നാണ്.
3000 കോടിയിലധികം രൂപ റവന്യൂവരുമാനം വിവിധ വകുപ്പുകളിലൂടെ കേരളസര്‍ക്കാരിന് നേടിത്തരുന്ന ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ വനംവകുപ്പ് ശ്രമിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ശബരിമല വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം വിളിച്ചുചേര്‍ത്ത് വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: