കോഴഞ്ചേരി: ബാല്യവും ശൈശവവും നഷ്ടപ്പെട്ടവരായാണ് ഇന്നത്തെ കുട്ടികള്‍ വളരുന്നതെന്ന് തിരുവിതാംകൂര്‍ മഹാറാണി പൂയം തിരുനാള്‍ പാര്‍വതി തമ്പുരാട്ടി. വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുല്ലാട് ശിവപാര്‍വതി ബാലിക സദനത്തില്‍ നടന്ന ബാലകാരുണ്യം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ബാല്യ നഷ്ട്പ്പെട്ടു വളരുന്ന ഇന്നത്തെ കുട്ടികള്‍ വലിയ ആളുകളെ ചെറിയ രൂപത്തിലാക്കി വച്ചിരിക്കുന്നത് പോലെയാണ്.
ആചാരങ്ങളും ഉത്സവങ്ങളും അവര്‍ക്കന്യമാകുന്നു.ലോകത്തെവിടെയാണെങ്കിലും മലയാളിക്ക് സ്വത്വബോധം ഉണ്ടാവുന്ന വേളയാണ് ഓണക്കാലം. ഓണത്തെ വരവേല്‍ക്കുന്നതിലും റെഡിമെയ്ഡ് സംസ്കാരം കടന്നുകയറിയിരിക്കുകയാണ്. ഈ അവസരത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടുപോകാമായിരുന്ന ബാല്യങ്ങളുടെ ഓണാഘോഷമായ് ബാലകാരുണ്യം മഹാപുണ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ആഘോഷങ്ങള്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വില സമൂഹത്തെ ബോധ്യപ്പെടുത്തുന്നവയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച മാതാഅമൃതാന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്ണാമൃതാന്ദപുരി പറഞ്ഞു.ഒരുവിനിലെ അഹങ്കാരം അസ്തമിക്കുന്ന സമയത്താണ് അവന് ഈശ്വരാനുഗ്രഹം ലഭ്യമാകുന്നത്. ഓണത്തിന്റെ പിന്നിലെ ഐതീഹ്യവും ഇതു തന്നെയാണ്. ത്യാഗമല്ലാതെ ഈശ്വരാനുഗ്രഹം ആരും പ്രതീക്ഷിക്കേണ്ടതില്ല. ഏതു വലിയ നേട്ടത്തിന്റെയും പിന്നില്‍ മഹാ ത്യാഗത്തിന്റെ കഥകളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്നുപോലും പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം അവരുടെ അവകാശമാണെന്നും അതു ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരന് പറഞ്ഞു. കുറ്റവാളികളും നിഷേധ നിഷിദ്ധ വികാരങ്ങളും കുട്ടികളിലേക്ക് കടന്നു വരുന്നതിന്റെ ഉത്തരവാദികള്‍ സമൂഹമാണ്. ഭൗതികസാഹചര്യങ്ങള്‍ക്കൊപ്പം മൂല്യബോധവും കുട്ടികള്‍ക്കു പകര്‍ന്നു നല്കിയാല് മാത്രമെ യഥാര്‍ത്ഥ സമൂഹസൃഷ്ടി സാധിക്കും. അവനവനുവേണ്ടി മാത്രമുള്ളതല്ല ജീവിതം, മറ്റുള്ളവര്ക്കുകൂടിവേണ്ടിയാണ്. ഇത്തരം കാഴ്ചപ്പാടുള്ള രാഷ്ട്രസ്നേഹികളായ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി.സ്വാമി ചിത്ഭവാന്ദ സരസ്വതി, വി.മോഹനന്, അജയകുമാര്‍ പുല്ലാട്, പി.നാരായണന്, കെ.എം.അയ്യപ്പന്‍കുട്ടി, അജിത് പുല്ലാട് എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ബാല ബാലിക സദനങ്ങളിലെ 700ല്‍പരം വരുന്ന അന്തേവാസികളുടെ ഓണക്കൂട്ടായ്മയായ ബാലകാരുണ്യം 14ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: