കല്‍പ്പറ്റ : പ്രാഥമിക സഹകരണ ബാങ്കുകള്‍ പണമിടപാടുകള്‍ നടത്തരുതെന്നും ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് മാത്രമായാല്‍ മതിയെന്നുമുള്ള പ്രകാശ്ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ അംഗീകരിച്ചാല്‍ വയനാട്ടിലെ സഹകരണ ബാങ്കുകള്‍ക്ക് മരണമണിയാകും.
സ്വന്തം നിലയില്‍ പണമിടപാടുകള്‍ നടത്താന്‍ പാടില്ലെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങണമെന്നുമാണ് നബാര്‍ഡ് നിര്‍ദേശം. ജില്ലയിലെ ഗ്രാമീണമേഖലയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും നടത്തിവരുന്നത് പ്രാഥമിക സഹകരണ ബാങ്കുകളാണ്. മാനന്തവാടി ഫാര്‍മേഴ്സ് സഹകരണ ബാങ്ക്, ബത്തേരി, കല്‍പ്പറ്റ സഹകരണ ബാങ്കുകള്‍ എന്നിവ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിവരുന്നവയാണ്. നബാര്‍ഡ് നിര്‍ദേശത്തെതുടര്‍ന്ന് സഹകരണ ബാങ്കുകള്‍ വഴിയുള്ള കാര്‍ഷികവായ്പ വിതരണവും പ്രതിസന്ധിയിലായിരിക്കുകയാണ്. അംഗങ്ങള്‍ക്കുമാത്രമായി ബാങ്ക് ഇടപാടുകള്‍ ചുരുങ്ങിയാല്‍ ഇത്തരം ബാങ്കുകള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല.
ആയിരകണക്കിന് കര്‍ഷകരില്‍ നിന്ന സമാഹരിച്ച ഓഹരി മൂലധനവും ഇതോടെ ഇല്ലാതെയാകും. അംഗങ്ങള്‍ക്ക് ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ ഗ്രാമീണ മേഖലകളില്‍ ബ്ലെയ്ഡ് സംഘങ്ങള്‍ സജീവമാകും. ഇടക്കാലത്ത് നിര്‍ജ്ജീവമായിരുന്ന ബ്ലെയ്ഡ് സംഘങ്ങള്‍ വയനാട്ടില്‍ തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ഫണ്ട് അനുവദിക്കണമെങ്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ നബാര്‍ഡിന്റെ നിയമങ്ങള്‍ പാലിക്കണം. ഇക്കാരണത്താല്‍തന്നെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടാം.
ജില്ലയില്‍ കുടുംബശ്രീ മിഷന്റെ ഇ-പേയ്മെന്റ് നടപ്പിലാകാത്ത ഗ്രാമപഞ്ചായത്താണ് തിരുനെല്ലി. കുടുംബശ്രീ അക്കൗണ്ടുകള്‍ വഴി തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചതിനാലാണ് ഇത് സാധിക്കാതെവന്നത്. വൈകാതെ ബാങ്കില്‍ കോര്‍ ബാങ്കിംഗ് സംവിധാനം നിലവില്‍ വരുമെന്ന് അറിയുന്നു. എന്നാല്‍ നബാര്‍ഡ് നിര്‍ദേശം പാലിക്കപ്പെടേണ്ടിവന്നാല് ജില്ലയിലെ നിരവധി സഹകരണ ബാങ്കുകള്‍ കുടുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: