കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസ്സില്‍ 20 പ്രതികളെ വിട്ടയക്കാന്‍ കാരണമായത് സാക്ഷികളുടെ കൂറുമാറ്റവും തെളിവുകളുടെ അഭാവവും. ഇതിനു കാരണം മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്റെ വീഴചയെന്നു വിമര്‍ശനങ്ങള്‍. ഏറെ ശ്രദ്ധേയമായ കേസില്‍ പോലീസിനു വീഴ്ചവന്നെന്ന ആരോപണങ്ങളില്‍ സേനയില്‍ അസ്വസ്ഥതകള്‍ ഏറെയാണ്. അതേസമയം ഭരണ-രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ ഈ പ്രത്യേക സാഹചര്യത്തില്‍ അന്തിമ വിധിക്കൊപ്പം കേസിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സേനയിലെ പലരും.
പ്രതികളില്‍പ്പെട്ട ചിലര്‍ക്കെതിരെ 164 പ്രകാരം രഹസ്യമൊഴി വരെ നല്കിയ സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും വിചാരണക്കോടതി മുമ്പാകെ ഇവര്‍ മൊഴിമാറ്റുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കുന്നതിന് സിപിഎം സംഘടിതമായി ശ്രമം നടത്തുന്നതായി വിചാരണ നടപടികള്‍ ആരംഭിച്ചത് മുതല്‍ ആര്.എം.പി യുടെ ഭാഗത്ത് നിന്നും ആരോപണം ഉയര്‍ന്നിരുന്നു.
166 സാക്ഷികളില്‍ 52 സാക്ഷികളാണ് വിസ്താരത്തിനിടെ മൊഴിമാറ്റിയത്. 20 പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായാണ് കോടതി കണ്ടെത്തിയത്. ടി.പി.ചന്ദ്രശേഖരനെ കൊലയാളി സംഘങ്ങള്‍ക്ക് കാണിച്ചു കൊടുത്തെന്നായിരുന്നു 15-ാം പ്രതി അജേഷിനെതിരെയുള്ള കുറ്റം. എന്നാല്‍ ഇത് തെളിയിക്കാന്‍ സാക്ഷികളെ ഹാജരാക്കാനായില്ല. കൊലപാതകികള്ക്കാവശ്യമായ മൊബെയില്‍ സിംകാര്‍ഡ് ഏര്‍പ്പാടാക്കിയത് 23-ാം പ്രതി എം ഷാജിയാണെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കുന്നതിന് കോടതിയില്ഹാജരാക്കിയ സാക്ഷി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുകയായിരുന്നു.
23-ാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കാരായി രാജന് ആറാം പ്രതി അണ്ണന് സിജിത്തിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ ചികിത്സക്കായി കാറില്കൊണ്ടുപോയെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാന്‍ ഹാജരാക്കിയ 71-ാം സാക്ഷി സ്മിതോഷ് കൂറുമാറുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ നല്കിയ രഹസ്യ മൊഴിയും സാക്ഷി നിഷേധിച്ചു.
47-ാം പ്രതി വി. രഗീഷിനെതിരെ രഹസ്യമൊഴി നല്കിയ ഒന്‍പതാം സാക്ഷി കൊച്ചക്കാലന്‍ സുമേഷ് കൂറുമാറിയത് റഗീഷിനെതിരെ തെളിവ് ഇല്ലാതാകാന്‍ കാരണമായി. എസ്എഫ്ഐ കണ്ണൂര്ജില്ലാ സെക്രട്ടറി സരിന് ശശി കേസിലെ പ്രതി കുഞ്ഞനന്തനെ സിപിഎം മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ ഓട്ടോറിക്ഷയില്‍ എത്തിച്ചതിന് സാക്ഷിയായി വിസ്തരിച്ച നിഷാദും നവീനും കൂറുമാറിയിരുന്നു.
പല പ്രതികള്‍ക്കെതിരേയും പ്രോസിക്യൂഷന് മതിയായ തെളിവുഹാജരാക്കാനായില്ല. സാക്ഷികളായി ഹാജരാക്കിയവര്‍ പാര്‍ട്ടിയോടു കൂറുള്ളവരായിരുന്നുവെന്നു വേണം ഊഹിക്കാന്‍. പോലീസിന്റെ കനത്ത വീഴ്ചയാണിതെല്ലാമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. ഇത്രയും നിര്‍ണായകമായ ഒരു കേസില്‍ പോലീസ് ഇങ്ങനെ അഭിമാനം പണയപ്പെടുത്താന്‍ കാരണം മുകളില്‍നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണെന്നാണ് കരുതപ്പെടുന്നത്.
പി. ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: