തിരുവനന്തപുരം : ജനാധിപത്യത്തില്‍ പ്രധാനമന്ത്രി സ്ഥാനം വഹിക്കേണ്ടത് ജനകീയ നേതാക്കളാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി. അത്തരക്കാര്‍ക്ക് മാത്രമേ വേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ “ഭാരതത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം” എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു വിഷയത്തെ സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാറുണ്ടായിരുന്നു. എന്നാല്‍ അവസാന വാക്ക് വാജ്പേയിയുടേതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് പ്രധാനമന്ത്രിക്ക് വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിന് പുറത്താണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. ഇത് യുപിഎ സര്‍ക്കാരിന്റെ വൈകല്യമാണ്. ഒരു കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ജനാധിപത്യത്തില്‍ അങ്ങനെയല്ല വേണ്ടത്.സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ ആദ്യമായാണ് ഇതുപോലെ പ്രവര്‍ത്തനത്തില്‍ പക്ഷാഘാതം പിടിച്ച ഒരു സര്‍ക്കാര്‍ ഉണ്ടാകുന്നത്.
പല കാര്യങ്ങളിലും സമയത്തിന് തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ സാമ്പത്തിക മേഖലയില്‍ ഇന്നുണ്ടായതുപോലെയുള്ള തകര്‍ച്ച ഉണ്ടാകുമായിരുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍പോലും രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്കുന്ന അവസ്ഥയാണ്. അഴിമതിയുടെ പ്രതിഫലനം രാഷ്ട്രീയത്തിലും പൊതുജീവിതത്തെയും ബാധിച്ചുകഴിഞ്ഞു.
രാജ്യസുരക്ഷയെക്കാള്‍ പ്രധാനം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ബംഗ്ലാദേശില്‍ ലക്ഷക്കണക്കിന് കുടിയേറ്റകാരാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തി താമസമാക്കിയിട്ടുള്ളത്. ഇവരെ കോണ്‍ഗ്രസ്സ് വോട്ടു ബാങ്കാക്കി മാറ്റുകയാണ്. വോട്ട് ബാങ്കും ദേശസുരക്ഷയുമായി കൂട്ടികുഴയ്ക്കുന്നു. ഭാരതം ഇന്ന് രോഷത്തിന്റെയും ശുഭാപ്തിവിശ്വാസമില്ലായ്മയുടെയും പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇത് സമൂഹത്തിന്റെ എല്ലാമേഖലകളെയും ബാധിച്ചിരിക്കുന്നു.
രണ്ടു ദശാബ്ദമായി ഭാരതത്തെ സാമ്പത്തികവളര്‍ച്ചയുടെയും വികസനത്തിന്റെതുമായ ഒരു കണ്ണാടിക്കൂട്ടിലാണ് പ്രതിഷ്ഠിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സാമ്പത്തികമായ തളര്‍ച്ച പാവപ്പെട്ടവന്റെ ജീവിതം മുന്നോട്ടുപോകാതെവണ്ണം ബുദ്ധിമുട്ട് ഏറിയതാക്കി. രാജ്യം എന്തുകൊണ്ട് ഈ അവസ്ഥയില്‍ എത്തിയതെന്ന് വിശകലനം ചെയ്യേണ്ടതാണ്. അതിന് പ്രധാനകാരണം രാഷ്ട്രീയ കാലാവസ്ഥ തന്നെയാണ്. രാഷ്ട്രീയമെന്നത് സര്‍ക്കാര്‍ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്ന ഒരു പ്രക്രിയ മാത്രമല്ല. ജനവിരുദ്ധ നടപടികള്‍ മൂലം ജനങ്ങള്‍ ഒരു മാറ്റത്തിന് ആഗ്രഹിക്കുന്നു.
ഭാരതത്തിലെ ഒരു ന്യൂനപക്ഷമായ സമ്പന്നര്‍ക്ക് രാജ്യത്തെ സംബന്ധിച്ച കാര്യങ്ങളില്‍ യാതൊരു താല്‍പ്പര്യവുമില്ല. ഒരു വലിയ വിഭാഗം വരുന്ന മദ്ധ്യവര്‍ഗ്ഗത്തെയും സര്‍ക്കാരിന്റെ നയങ്ങള്‍ ബാധിക്കുന്നു. ജീവിക്കാന്‍ പെടാപ്പാടുപെടുന്ന സാധാരണക്കാരുടെ പ്രതീക്ഷ പൂര്‍ത്തിയാക്കുക എന്നതാണ് ജനാധിപത്യപ്രക്രിയയില്‍ ഒരുസര്‍ക്കാരിന്റെ കടമ. വിദേശധനം കമ്മിയാകുന്നതിന് കാരണം ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചെലവാക്കുന്നതാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയോടെ ഇത് കൂടുതല്‍ രൂക്ഷമായി.
ഭാരതത്തില്‍ മുതല്‍മുടക്കാന്‍ ഇന്ന് പലരും മടിക്കുന്നു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങുകയും മന്ത്രി ജയിലില്‍ കിടക്കുകയും ചെയ്താല്‍ മുതല്‍മുടക്കാന്‍ ആരാണ് തയ്യാറാവുകയെന്ന് ജയ്റ്റ്ലി ചോദിച്ചു. ബിജെപിക്ക് ഇന്ന് തെളിയിക്കപ്പെട്ട നേതൃത്വം ഉണ്ട്. കോണ്‍ഗ്രസ്സിന് അതില്ല. തെളിയിക്കപ്പെട്ട നേതൃത്വം വേണമോ അതല്ലാത്തത് വേണമോ എന്നതാണ് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രസക്തമായ ചോദ്യം. ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാമെന്നും ജയ്റ്റ്ലി പറഞ്ഞു.
അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ബിജെപി സംസ്ഥാന പ്രസിഡന്റ വി. മുരളീധരന്, ദേശീയ നിര്‍വാഹകസമിതി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും സന്നിഹിതരായിരുന്നു. ഒ.രാജഗോപാല്‍ ജയ്റ്റ്ലിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടിയുടെ ഉപഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു. പി. അശോക് കുമാര്‍ സ്വാഗതവും പി. രാഘവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: