തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളും അവരുടെ ജനസംഖ്യയും ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ വിദ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷ സംരക്ഷണത്തിന് അവര്‍ അര്‍ഹരല്ലെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷവകാശം പുനര്‍നിര്‍ണ്ണയിക്കണമെന്നും ഹിന്ദു നേതാക്കള്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതംമാറ്റം നിയമം മൂലം നിരോധിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ഹിന്ദുനേതാക്കള്‍ ആവശ്യപ്പെട്ടു.
ഹിന്ദു അവകാശ പത്രികയെ കുറിച്ച് വിവിധ ഹൈന്ദവ സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി ഇന്നലെയാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് എന്നിവരു പങ്കെടുത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, കെപിഎംഎസ് ട്രഷറര്‍ തുറവൂര്‍ സുരേഷ്, പട്ടികജാതി പട്ടികവര്‍ഗ്ഗ ഫെഡറേഷന് സെക്രട്ടറി തഴവ സഹദേവന്, വനവാസി കല്യാണാശ്രമം പ്രസിഡന്റ് പള്ളിയറ രാമന്, വീരശൈവസഭ പ്രസിഡന്റ് പി.റ്റി.കുഞ്ഞുമോന്, മലയാള ബ്രാഹ്മണസമാജം പ്രസിഡന്റ് തോട്ടംനാരായണന് നമ്പൂതിരി, ചേരമര്സര്വ്വീസ് സൊസൈറ്റി ജനറല്സെക്രട്ടറികെ.റ്റി.ഭാസ്കരന്, നാടാര്‍ അസോസിയേഷന് ജനറല്‍സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, ആള്‍കേരള പുലയര്‍മഹാസഭാ സെക്രട്ടറി എം.കെ.വാസുദേവന്‍, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.പി.രാധാകൃഷ്ണന്, ഇ.എസ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സുശികുമാര്‍, കെ.പ്രഭാകരന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ മിച്ചഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും വിതരണം ചെയ്യണമെന്നും ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് തുണ്ട് ഭൂമി തീര്‍ത്തും അപര്യാപ്തമാണെന്നും നേതാക്കള്‍ പറഞ്ഞു. വീടുവയ്ക്കാന്‍ 15 സെന്റും കൃഷിക്ക് ഒരേക്കര്‍ ഭൂമിയും നല്‍കണം. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തും കൈവശഭൂമിക്ക് പട്ടയം നല്‍കിയും വനവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണം. അട്ടപ്പാടിയിലും വയനാട്ടിലും വനവാസി സമൂഹത്തിന് കൃഷിക്കും തൊഴിലിനും ആവശ്യമായ സംരക്ഷണം ഉറപ്പു നല്‍കണം. ഇത് സംബന്ധിച്ച് റവന്യു വനംവകുപ്പ് സെക്രട്ടറിമാരുമായി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അരിപ്പ ഭൂസമരത്തിന് രമ്യമായ പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി വീണ്ടെടുക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്ത്തികളുടെ ലമ്പ്സം ഗ്രാന്റ് ആയിരം രൂപയായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രജീവനക്കാരും ഗ്രേഡും ശമ്പളവും ഉയര്‍ത്തണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കണം. അയ്യങ്കാളി ജയന്തി പൊതു ഒഴിവായി പ്രഖ്യാപിക്കണം. പട്ടികജാതി വികസന നയം പ്രഖ്യാപിക്കണം. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നിവ സിബിഐ അന്വേഷിക്കണം. പട്ടികജാതിക്കാരുടെ വാസ സ്ഥലങ്ങളെ കോളനി വല്ക്കരിക്കാനും മതംമാറിയവരെ പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള നീക്കം തടയണം. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
പുല്ലുമേട് ദുരന്തത്തിന്റെ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹരിഹരന്‍നായര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കണമെന്നും ഹിന്ദുനേതാക്കള്‍ ആവശ്യപ്പെട്ടു. ശബരി റയില്‍പാത, പമ്പ ആക്ഷന്‍ പ്ലാന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: