തൃപ്പൂണിത്തുറ: പാചക വാതക സിലിണ്ടര്‍ സബ്സിഡിക്ക് ആധാര്‍ നമ്പറും, ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ഓണക്കാലത്ത് സിലിണ്ടര്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം.
ഗ്യാസ് വിതരണ ഏജന്‍സികള്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ സബ്സിഡി പരിധിക്ക് പുറത്തുനില്‍ക്കുന്നവരെ ഒഴിവാക്കിയാണ് സിലിണ്ടര്‍ കരിഞ്ചന്തയില്‍ വിതരണം ചെയ്യാന്‍ശ്രമം നടത്തുന്നത്. ഉപഭോക്താവിന്റെ എല്‍പിജി കണ്‍സ്യൂമര്‍ നമ്പര്‍, ആധാര്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇവ മൂന്നും ഒരേ പേരില്‍ ആയിരിക്കണമെന്ന നിബന്ധന പൂര്‍ത്തിയാക്കാത്തവരുടെ സിലിണ്ടര്‍ വിതരണം താളെ തെറ്റിച്ച് കൂടിയവിലക്ക് കരിഞ്ചന്തയില്‍ വിതരണം ചെയ്യാനാണ് ഏജന്‍സികളില്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍തന്നെ ഗൃഹനാഥന്റെ പേര് മാറ്റുന്നതിനും, ആധാര്‍ നമ്പറും അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും ആവശ്യമായ കെവൈസിഫോറം, നോട്ടറിയുടെ അഫിഡവിറ്റ് ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ എല്ലാരേഖകളും നല്കികാത്തിരുന്നിട്ടും ഗ്യാസ് വിതരണ ഏജന്‍സികള്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതാണ് സിലിണ്ടര്‍ വിതരണ അട്ടിമറിതക്ക് വഴിയൊരുക്കിയിട്ടുള്ളത്.
ഗ്യാസ് വിതരണ ഏജന്‍സികള്‍ നടപടികള്‍ പൂര്ത്തിയാക്കാത്തത്കൊണ്ടുമാത്രം ആയിരക്കണക്കിന് അപേക്ഷകരാണ് സെപ്തംബര്‍ ഒന്നുമുതല്‍ നല്കുന്ന സബ്സിഡിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട് നില്‍ക്കുന്നത്.
സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതായി പരിമിതപ്പെടുത്തിയതും, റീഫില്‍ സിലിണ്ടര്‍ കിട്ടാന്‍ ഐവിആര്‍എസ് ബുക്കിങ്ങ് സമ്പ്രദായം ഏര്‍പ്പെടുത്തിയതും സാധാരണക്കാര്‍ക്കെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. സബ്സിഡി പരിധിക്കുള്ളില്പ്പെടാതെ നല്കുന്ന ഉപഭോക്താക്കള്‍, വിതരണ ഏജന്‍സികളില്‍ നേരിട്ടെത്തി മാത്രമെ റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയൊള്ളു എന്ന സാഹചര്യവും ഇപ്പോഴുണ്ട്. നടപടി ക്രമം പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ ഫോണ്‍ ബുക്കിങ്ങ് സാധ്യമല്ല. പലപ്പോഴും വിളിച്ചാല്‍ കിട്ടുകയുമില്ല. ഓണക്കാലമായതോടെ ഇത് കൂടുതല്‍ ബുദ്ധിമുട്ടായിട്ടുണ്ടെന്ന് മാത്രമല്ല റീഫില്‍ എപ്പോള്‍ കിട്ടുമെന്നും പറയാനാവില്ല.
ആധാര്‍ നമ്പര്‍ അക്കൗഡുമായി ബന്ധിപ്പിച്ച് സബ്സിഡി ലഭിക്കുന്നതിന് നവംബര്‍ 30 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഏപ്രില്‍ മുതല്‍ എല്ലാരേഖകളും സമര്‍പ്പിച്ച് കാത്തിരിക്കുന്നവരുടെ കാര്യത്തില്‍പ്പോലും 5 മാസം പിന്നിട്ടിട്ടും നടപടി പൂര്‍ത്തിയാക്കാത്ത അവസ്ഥയാണുള്ളത്. ഇനിയുള്ള സമയംകൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്ന കാര്യത്തിലും ഉറപ്പില്ല.
രണ്ടുരൂപ അരിപദ്ധതിയില്‍ നിന്ന് വലിയൊരു വിഭാഗം എപിഎല്‍ കാര്‍ഡുകാരെ ഒഴിവാക്കിയതുപോലെ എല്‍പിജി സബ്സിഡിയില്‍ നിന്നും ജനങ്ങളില്‍ വലിയൊരുവിഭാഗത്തെ ഒഴിവാക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: