കൊച്ചി: മതപരിവര്‍ത്തനത്തെ ശക്തമായി ചെറുക്കുമെന്ന് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ വ്യക്തമാക്കി. ഹിന്ദുക്കള്‍ കാലങ്ങളായി ഭിന്നിച്ചു നില്‍ക്കുന്നതിന്റെ ദുരന്തഫലമാണ് ഇന്ന് നമ്പൂതിരി മുതല്‍ ആദിവാസികള്‍ വരെ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എളമക്കരയില്‍ ഹിന്ദു ഏകതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയാല്‍ ഉടന്‍ മദ്യവും മതപരിവര്‍ത്തനവും നിരോധിക്കണമെന്നാണ് മഹാത്മാഗാന്ധി പറഞ്ഞിരുന്നത്. മദ്യ നിരോധനമെന്നത് പള്ളിക്കാര്‍ വരെ ആവശ്യപ്പെട്ടു തുടങ്ങി. എന്നാല്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് അവര്‍ മിണ്ടുന്നില്ല. ഇതെല്ലാം നമുക്ക് പാഠങ്ങളാവണം. അതിന് ഐക്യമുണ്ടാവണം. ഇത്തരം ഉത്സവങ്ങള്‍ ഇതിനുള്ള നല്ല അവസരങ്ങളാണ്. തന്നെപ്പോലുള്ളവരെ ഇത്തരം വേദികളിലേക്ക് ക്ഷണിക്കുന്നതുതന്നെ ശുഭലക്ഷണമാണ്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒറ്റ ആദിവാസിയെപ്പോലും മതം മാറ്റാന്‍ അനുവദിക്കില്ലെന്നും കോവില്‍മല രാജാവ് വ്യക്തമാക്കി. ആദിവാസി ഗോത്ര രാജ പരമ്പരയിലെ പതിനേഴാമനാണ് രാമന്‍ രാജമന്നാന്‍.
ഐക്യമെന്ന രണ്ടക്ഷരം തിരിച്ചറിയാന്‍ ഹിന്ദുക്കള്‍ ഏറെ വൈകിയെന്ന് ഏകതാ സമിതി രക്ഷാധികാരിയും കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്.രമേശന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഇതോടെ അവനവനെത്തന്നെ തിരിച്ചറിയാന്‍ വൈകിയ അവസ്ഥയിലാണ് നാം. ഹിന്ദുക്കള്‍ വെറും വോട്ടുകുത്തിയന്ത്രങ്ങളാവരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരള പുലയര്‍ മഹാസഭ ട്രഷറര്‍ തുറവൂര്‍ സുരേഷ്, ടി.എന്‍ ബാബുരാജ്, ഡി.പ്രഭാകരന്‍, എം.എ തങ്കപ്പന്‍, രവീന്ദ്ര പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോവില്‍മല രാജാവിന് എസ്.രമേശന്‍ നായര്‍ പുരസ്ക്കാരം സമ്മാനിച്ചു.
















