വാഷിങ്ങ്ടണ്‍: സിറിയയില്‍ സൈനിക നടപടിക്ക് ഒബാമക്ക് പിന്തുണ നല്കി അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. ബുധനാഴ്ച്ച ചേര്‍ന്ന സെനറ്റ് സമിതിയാണ് അംഗീകാരം നല്‍കിയത്. സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുന്നത്.
സെനറ്റിന്റെ വിദേശകാര്യസമിതിയാണ് പ്രമേയത്തിന് പിന്തുണ നല്‍കിയത്. രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ അവസാന നിമിഷത്തിലാണ് വിഷയം അംഗീകരിക്കപ്പെടുന്നത്. പത്തു പേരില്‍ ഏഴുപേരും അനുകൂലിച്ചതോടെ സെനറ്റിന്റെ പരിപൂര്‍ണ അംഗീകാരത്തിനായി പ്രമേയം സമര്‍പ്പിക്കുകയായിരുന്നു. അടുത്ത ആഴ്ച്ച കൂടുന്ന സെനറ്റ് സമിതിയിലാണ് റിപ്പോര്‍ട്ട് വയ്ക്കുക. സിറിയക്കെതിരെ വേണ്ടിവന്നാല്‍ തങ്ങള്‍ സൈനിക നടപടിക്കും മടിക്കില്ലായെന്ന് ഒബാമ പറഞ്ഞതിന്റെ ഏതാനും മണിക്കൂറിനകം തന്നെ അമേരിക്കന്‍ ക്രൂയിസ് മിസെയില്‍ സിറിയന്‍ കടല്‍ത്തീരത്ത് പതിച്ചു. യുദ്ധത്തിനു മുമ്പുള്ള മുന്നൊരുക്കമെന്ന നിലയില്‍ അമേരിക്ക ലോകത്തെ ഇതറിയിച്ചു.
ആഗസ്റ്റ് 21 ന് സിറിയയിലെ അസദ് ഭരണകൂടം വിമതര്‍ക്കെതിരെ പ്രയോഗിച്ചെന്നു കരുതുന്ന രാസായുധം ശ്വസിച്ച് 1,400 ഓളം പേര് മരണമടഞ്ഞു. ഇതില്‍ 800 ഓളം സ്ത്രീകളും കുട്ടികളും വരും. സിറിയയില്‍ സൈനികാക്രമണത്തിന് 60 ദിവസം സമയപരിധി അനുവദിക്കുന്ന തരത്തിലുള്ള പ്രമേയമായിരിക്കും അമേരിക്കന്‍ സെനറ്റില്‍ വോട്ടിനിടുക. അസദ് ഭരണകൂടത്തിന്റെ രാസായുധ ശേഖരം തകര്‍ക്കുകയെന്ന ലക്ഷ്യത്തിന് അനുമതി നല്‍കുന്നതാണ് പ്രമേയം. പക്ഷേ പ്രമേയത്തില്‍ യാതൊരു കാരണവശാലും കരമാര്‍ഗമുള്ള യുദ്ധത്തിനു അനുമതി നല്‍കുന്നില്ല.
സിറിയയില്‍ സൈനിക നടപടിക്ക് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. സൗദി അറേബ്യ യുഎസ് സൈനിക ഇടപെടലിനായി സാമ്പത്തികമായും മറ്റും സഹായം ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയുടെ സഖ്യരാജ്യമായ ഫ്രാന്‍സ് മാത്രമാണ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്. മറ്റു സഖ്യരാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിക്കാത്തതില്‍ യുഎസ്സിനു അതൃപ്തിയുണ്ട് താനും.
സിറിയയിലെ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചിട്ടില്ല എന്ന അസദ് സര്‍ക്കാരിന്റെ വാദവുമായാണ് റഷ്യ നിലകൊള്ളുന്നത്. വിമതരാണ് രാജ്യത്ത് രാസായുധം പ്രയോഗിച്ചതെന്ന സര്‍ക്കാരിന്റെ വാദത്തെ ഏറ്റുപറയുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നത്. രാസായുധപ്രയോഗത്തില്‍ നൂറു ശതമാനവും തെളിവു നല്കുകയാണെങ്കില് സൈനിക നടപടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പുടിന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിറ്ററേനിയന്‍ കടലിലെ കപ്പലുകള്‍ക്ക് പുറമെ അത്യാധുനിക സംവിധാനമുള്ള മോസ്ക്വയെ എന്ന റഷ്യന്‍ മിസെയില്‍ പടക്കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത് എട്ട് ദിവസത്തിനകം മെഡിറ്ററേനിയനില്‍ എത്തിച്ചേരുമെന്നും തുടര്‍ന്നത് റഷ്യയുടെ നാവികപ്പടയെ സംയോജിപ്പിക്കുന്നതിന്റെ ചുമതല ഏറെറടുക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: