കൊച്ചി: പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ആശയംകൊണ്ടും ആയുധംകൊണ്ടും പോരാടാന്‍ യുവതലമുറയെ സജ്ജരാക്കണമെന്ന് സുകൃതം ഭാഗവതയജ്ഞസമിതി മുഖ്യ ആചാര്യന് സ്വാമി ഉദിത്ചൈതന്യ വ്യക്തമാക്കി.
സുകൃതം ഭാഗവതയജ്ഞസമിതിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ജനുവരിയില്‍ നടക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പീഡനങ്ങള്‍ക്ക് കണ്ണും കാതുമില്ലാത്ത കാലമാണിത്. സ്വന്തം മാതാപിതാക്കളും ഗുരുക്കന്മാര് പോലും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. പീഡനത്തിന് മുതിരുന്നവന് സ്വന്തം അച്ഛനായാല്‍ പോലും നേരിടാനുള്ള ആര്‍ജവം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. മനസ്സിന്റെ വികാസമാണ് ഭാഗവതയജ്ഞം ലക്ഷ്യമിടുന്നത്. അറിവില്ലായ്മ നമ്മെ കെണിയില്‍പ്പെടുത്തുമെന്നും പുരാണങ്ങളിലെ മാതൃക ഉദ്ധരിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ധര്‍മ്മച്യുതി സംഭവിക്കുമ്പോള്‍ അത് തിരുത്താന്‍ ഇത്തരം യജ്ഞങ്ങള്‍ക്ക് കഴിയുമെന്ന് യോഗം ഉദ്ഘാടനംചെയ്തുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ ക്രിയാത്മകയായിരിക്കണം. വ്യക്തിഹത്യ പാടില്ല. ഇതിനെല്ലാം അനിവാര്യമായ ആത്മസംയമനം നേടാന്‍ ഭാഗവതയജ്ഞം പോലുള്ള ആത്മീയപരിപാടികള്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാം ഓരോ സാഹചര്യത്തിലും നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭാഗവതം നിര്‍ദ്ദേശിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു. മനസ്സിലെ അഴുക്ക് നീക്കാനും ജീവിതത്തിന് പുതിയ രൂപം കൊടുക്കാനും അതിന് കഴിയുമെന്നും മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്‍. ജയകൃഷ്ണന്, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, പി.കെ. കൃഷ്ണമൂര്‍ത്തി, നടന് ഗോവിന്ദന്‍കുട്ടി, അഡ്വ. ബാലഗോപാല്‍, എം.സി. കൃഷ്ണമണി, സരള വിജയന്, ഹേമ ദയാനന്ദന് എന്നിവര്‍ സംസാരിച്ചു. പി.വി. അതികായന് സ്വാഗതവും കെ.ജി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി.എന്‍. നായര്‍ (ചെയര്മാന്), സരള വിജയന് (പ്രസി.), അതികായന് പി.വി (വൈസ് പ്രസിഡന്റ്), ഡോ. സി.പി. താര (സെക്ര.), ഹേമ ദയാനന്ദന് (ജോ.സെക്ര.), ശ്രീധരന് (ട്രഷറര്‍), എന്‍. ജയകൃഷ്ണന് (ചീഫ് കോ ഒാര്‍ഡിനേറ്റര്‍), ഷാജി, അഡ്വ. ബാലഗോപാല്‍ (കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: