കൊച്ചി: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഹെറിറ്റേജ് ഓഫ് കേരള പരമ്പരയില്‍ എറണാകുളം ജില്ലയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നു. ജില്ലയിലെ സംരക്ഷിത സ്മാരകങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകം നവംബര്‍ മധ്യത്തോടെ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതേക്കുറിച്ച് ആലോചിക്കാന്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ എറണാകുളം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ആര്‍ക്കൈവ്സ് വകുപ്പ്, ടൗണ്‍ പ്ലാനിംങ്ങ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ഹെറിറ്റേജ് ഓഫ് എറണാകുളം പുസ്തകം പ്രസിദ്ധീകരിക്കുക. ചരിത്ര സ്മാരകങ്ങള്‍ ഏറ്റവും കൂടുതലായുള്ള എറണാകുളം വ്യാവസായിക തലസ്ഥാനമെന്ന നിലയില്‍ ചരിത്ര സ്മാരകങ്ങള്‍ക്ക് വേഗത്തില്‍ രൂപമാറ്റം സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് അവ സംരക്ഷിക്കുകയും അവയുടെ മൂല്യം ഭാവി തലമുറയിലേക്ക് എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെ പുസ്തകം തയ്യാറാക്കുന്നതെന്ന് മിനി ആന്റണി പറഞ്ഞു.
പ്രധാനമായും കണയന്നൂര്‍, കൊച്ചി, എറണാകുളം, ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, കോതമംഗലം എന്നിങ്ങനെ പ്രധാന മേഖലകളാക്കി അക്ഷരമാല ക്രമത്തില്‍ പൗരാണിക വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. സംസ്കാരം, രാഷ്ട്രീയം, മതം, സ്ഥാപനം, കെട്ടിടങ്ങള്‍, തോടുകള്‍ തുടങ്ങി ചരിത്ര പ്രാധാന്യമുള്ള എല്ലാ വിവരങ്ങളും അടങ്ങുന്ന ആധികാരിക ഹെറിറ്റേജ് പുസ്തകമായിരിക്കും ഇത്. വിവരശേഖരണവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളും സഹായങ്ങളും നല്‍കുമെന്ന് സി.എച്ച്.എസ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി.കെ.ഗോപി, ടൗണ്‍ പ്ലാനര്‍ പി.ആര്.ജയശ്രീ എന്നിവര്‍ അറിയിച്ചു. സെപ്തംബര്‍ മാസം വിവര ശേഖരണവും ഒക്ടോബറില്‍ മറ്റുകാര്യങ്ങളും പൂര്‍ത്തിയാക്കി നവംബര്‍ മധ്യത്തോടെ പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഡി.പി.ആര്. പറഞ്ഞു.
വിവരശേഖരണം ഒരുമാസത്തിനകം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മിനി ആന്റണി നിര്‍ദേശിച്ചിട്ടുണ്ട്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സംരക്ഷിത സ്മാരകങ്ങള്‍, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുള്ളവര്‍ വിവരങ്ങള്‍ നല്കി ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാര്‍ക്ക് അവന്യു, എറണാകുളം, 682011 എന്ന വിലാസത്തിലോ റശീ.ലസാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്. പ്രധാനകേന്ദ്രങ്ങളെക്കുറിച്ച് ലഘുഡോക്യുമെന്ററിയും ചിത്രീകരിക്കും.
യോഗത്തില്‍ ആര്‍ക്കിവിസ്റ്റ് ഇ.വി.വാസുദേവന്‍, ഹില്‍പാലസ് സി.എച്ച്.എസിലെ ജെ.ജഗദീഷ്, കൊച്ചി നഗരസഭ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിലെ കെ.എം.ജിയാദ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവരശേഖരണവുമായി ബന്ധപ്പെട്ട വിപുലമായ അവലോകനയോഗം ഈമാസം 12ന് ഡയറക്ടറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേരും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ സി.പി.ഫിറോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: