മട്ടാഞ്ചേരി: ഉപവാസ ധന്യതയോടെ ജൈന സമൂഹത്തിന്റെ ‘പരിയൂഷന്‍ പര്‍വ്’ ഉത്സവത്തിന് തുടക്കമായി. ജൈന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും സാമൂഹിക കൂട്ടായ്മയോടെയുമുള്ള ഉത്സവാഘോഷങ്ങള്‍ ഇന്നലെയാണ് ആരംഭിച്ചത്. നഗരപ്രദക്ഷിണ ഘോഷയാത്രയോടെ 11ന് സമാപിക്കും.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലം പാപമുക്തിയുടെയും ക്ഷമായാചനത്തിന്റെയും ആത്മീയ പാരമ്പര്യ സാധനകളുടെയും ദിനരാത്രങ്ങളായി മാറും. ഒരുദിവസം ഒരുനേരത്തെ ഭക്ഷണം മുതല്‍ ആഴ്ചകളും മാസങ്ങളും ദാഹജലം മാത്രം ഭക്ഷിച്ചുള്ള ഉപവാസ ധന്യതയിലൂടെയും ജൈനര്‍ ആത്മീയസാധകരായി മാറുന്നു. ഉത്സവദിനങ്ങളില്‍ രാവിലെയും വൈകിട്ടും നടക്കുന്ന കല്‍പ്പസൂത്ര പാരായണത്തോടൊപ്പം അഞ്ചാംദിവസം സ്വപ്നോത്സവം, ഒമ്പതാംദിവസം ക്ഷമാപണ്‍, പത്താംദിവസം നഗരപ്രദക്ഷിണം എന്നീ മുഖ്യ ചടങ്ങുകള്‍ നടക്കും. കഴിഞ്ഞകാലങ്ങളില്‍ തങ്ങള്‍ അറിഞ്ഞോ അറിയാതെയോ മനസാ വാചാ കര്‍മണാ ചെയ്ത തെറ്റുകള്‍ക്ക് പരസ്പരവും സാമൂഹികമായും ക്ഷമായാചനം നടത്തുന്ന ചടങ്ങാണ് ക്ഷമാപണ്‍. തീര്ഥങ്കരന്മാരുടെ ജനനവേളയില്‍ അമ്മ കണ്ട സ്വപ്നപ്രതീകങ്ങളെ എഴുന്നള്ളിച്ചുള്ള ആരാധനാക്രമമാണ് സ്വപ്നോത്സവം. ഉത്സവകാലങ്ങളില്‍ നടക്കുന്ന ലേലംവിളികളിലൂടെ ലഭിക്കുന്ന തുകയാണ് ക്ഷേത്രഭരണ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ഉത്സവകാലങ്ങളില്‍ നടക്കുന്ന ഒറ്റത്തവണ ഭക്ഷണസംവിധാനമാണ് ‘ഏകാശന്’ ചടങ്ങ്.
നൂറ്റാണ്ട് പിന്നിട്ട ജൈനക്ഷേത്രങ്ങള്‍ തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റുന്ന ജൈനസമൂഹത്തിന് കേരളത്തിലെ കൊച്ചിയും കോഴിക്കോടും തീര്‍ഥാടനകേന്ദ്രങ്ങളാണ്. കൊച്ചി ഗുജറാത്തി റോഡിലെ സ്വേതാംബര്‍ ജൈന്‍ ക്ഷേത്രാങ്കണം ഉത്സവലഹരിയിലായി. 25ഓളം ജൈനസമൂഹാംഗങ്ങളാണ് ഈ വര്‍ഷം ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ക്ഷേത്രാങ്കണത്തിലെ പ്രത്യേക മണ്ഡപത്തില്‍ ‘ഏകാശന്’ (ഒരുനേരം ആഹാരം) ചടങ്ങില്‍ 200ല്‍ ഏറെപ്പേരും പങ്കെടുക്കുന്നു. 6ന് സ്വപ്നോത്സവം, 10ന് ക്ഷമാപണ്‍ ദിനവും 11ന് നഗരപ്രദക്ഷിണ ശോഭായാത്രയും നടക്കും. ഉത്സവകാലങ്ങളിലെ ആത്മീയ ചടങ്ങുകള്‍ക്ക് അഹമ്മദാബാദില്‍ നിന്നുമെത്തിയ പണ്ഡിറ്റ് ദിനേശ്കാന്തിലാല് മെഹ്റ നേതൃത്വംനല്കും. ക്ഷേ ത്രഭരണസമിതി പ്രസിഡന്റ് പ്രവീണ്‍ സി. ഷാ, സെക്രട്ടറി ദിലീപ് ഖോന, ട്രഷറര്‍ നിതിന്‍ ജവേരി എന്നിവരടങ്ങുന്ന ഏഴംഗസമിതിയും ഉത്സവത്തിന് നേതൃത്വം നല്‍കും.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: