മട്ടാഞ്ചേരി: കടലും- കായലും ചുറ്റപ്പെട്ട കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. ജല അതോറിറ്റി പൈപ്പ് പൊട്ടല്‍ തുടര്ക്കഥയായിമാറുമ്പോള് പൈപ്പിലുടെയും, ടാങ്കറിലുടെയും വിതരണം ചെയ്യുന്ന ജലം മലിനജലമെന്ന പരാതിയുമുയര്ന്നുകഴിഞ്ഞു.
തീരദേശ മേഖലയടങ്ങുന്ന കണ്ണമാലി, മുണ്ടംവേലി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തൊപ്പുംപടി മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. ജലവിതരണപൈപ്പ് പൊട്ടുന്നത് മൂലം കൊച്ചിയുടെ തെക്കന്‍ മേഖലയില്‍ ജല ദൗര്‍ലഭ്യം രൂക്ഷമായതോടെ പരിഹാരമായി ടാങ്കര്‍ വെള്ള വിതരണം വ്യാപകമാക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണികളിലെത്തുന്ന കുടിവെള്ളത്തെക്കാള് കൂടുതലായി ശുദ്ധജലവിതരണം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടാങ്കറുകളിലൂടെ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നൂല്പാമ്പും, ചെമ്മീന്‍ കുഞ്ഞുങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ടാങ്കര്‍വെള്ള വിതരണത്തിലെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ടുക്കഴിഞ്ഞു. കൊച്ചി നഗരസഭയുടെ ഭാഗമായുള്ള പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നഗരസഭാധികൃതരും, ജനപ്രതിനിധികളും പ്രശ്നപരിഹാരത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ജനകീയ സംഘടനകളും പറയുന്നു. കാലപഴക്കം ചെന്ന കുടിവെള്ളപൈപ്പുകള്‍ മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നതില്‍ ജനപ്രതിനിധികള്‍ വീഴ്ച വരുത്തിയതാണ് പൈപ്പുകള്‍ നിന്തരമായി തകരുവാനിടയാക്കുന്നതെന്നും ജനങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: