ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആധുനിക കാലത്തെ ദുസാഹസക്കരാനായ ഭരണാധികാരിയായിരുന്ന പര്‍വേശ് മുഷാറഫിന്റെ കഷ്ടകാലം തുടരുന്നു. പട്ടാളമേധാവിയായിരിക്കെ അധികാരം പിടിച്ചെടുക്കുകയും ഇന്ത്യക്കെതിരേ കാര്‍ഗില്‍ യുദ്ധം നടത്തുകയും ചെയ്ത മുഷാറഫിനെ പാക്കിസ്ഥാന് ജനത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കയ്യൊഴിഞ്ഞിരുന്നു. ഇപ്പോള്‍ പഴയ ചെയ്തികളുടെ ദുരന്തം മുഷാറഫിനെ വേട്ടയാടുകയാണ്. ഏറ്റവും പുതിയതായി 2007-ലെ ലാല്‍ മസ്ജിദ് ഓപ്പറേഷന്റെ പേരില്‍ മുഷാറഫിനെതിരേ കേസെടുത്തു. കൊലക്കേസ് കുറ്റം വരെ ചുമത്തപ്പെടാവുന്നതാണ് ഈ കേസ്.
2007-ല്‍ ലാല്‍ മസ്ജിദില്‍ നിന്ന് സര്‍ക്കാര്‍ വിരുദ്ധരെ തുരത്താന്‍ എന്ന പേരില്‍ മുഷാറഫ് ഉത്തരവിട്ടു നടത്തിയതാണ് ആ സൈനിക നടപടി. 58 പാക്സൈനികര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു ജീവഹാനിയും വന്‍ നാശനഷ്ടങ്ങളുമുണ്ടായി എട്ടു ദിവസം നീണ്ട ഓപ്പറേഷനിലൂടെ. ആ സംഭവത്തില്‍ ഉണ്ടായ ഇസ്ലാമിക പണ്ഡിതന് അബ്ദുള്‍ റഷീദിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും കൊലപാതകത്തിനെതിരേ റഷീദിന്റെ മകന് ഹാരൂണ്‍ റഷിദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇൗ കേസിനാധാരം. ഹര്‍ജി പരിശോധിച്ച ഇസ്ലാമാബാദ് ഹൈക്കോടതി ജസ്റ്റീസ് നൂറുള്‍ ഹക്ക് ഖുറേഷി മുഷാറഫിനെതിരേ കേസെടുക്കാന്‍ പോലീസിനോട് ഇക്കഴിഞ്ഞ ജൂലായ് 12-ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്പാരാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ക്വാസിം നിയാസി കേസെടുക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല, പോലീസിന്റെ നിയമ വിഭാഗം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ എന്നും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇന്നലെ കോടതിയലക്ഷ്യത്തിനു പോലീസിനെ വിമര്‍ശിക്കുകയും കേസെടുക്കാന്‍ ഉത്തരവിടുകയും കേസെടുക്കും വരെ എസ്എച്ച്ഒ കോടതി വിട്ടു പോകരുതെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തത്. തുടര്‍ന്ന് മുഷാറഫിനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
മുഷാറഫ് ഇൗ കേസിലും തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് മുഷാറഫിന്റെ പാര്‍ട്ടിയായ എപിഎംഎല് നേതാവ് ഐഷാ ഇഷാഖ് പ്രതികരിച്ചു. കേസ് രാഷ്ട്രീയമായ വൈരാഗ്യം തീര്ക്കാനുണ്ടതാണ്. ആ രീതിയില്‍ അതിനെ നേരിടുമെന്ന് അവര്‍ പറഞ്ഞു.
മുഷാറഫ് കഴിഞ്ഞ മെയ് 11-നു നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശത്തു നിന്നെത്തിയ ശേഷം ഒട്ടേറെ കേസുകളില്‍ പ്രതിയായി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായി അറസ്റ്റിലായ മുഷാറഫ് രാജ്യം വിടാതിരിക്കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. അതിനു പുറമേയാണ് ഈ കേസു കൂടി വന്നിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഏറ്റവും കുഴപ്പക്കാരനായിരുന്ന ഭരണാധികാരിക്ക് മുന്‍ ചെയ്തികള്‍ക്കു കിട്ടുന്ന കനത്ത തിരിച്ചടികളാണ് ഈ സംഭവങ്ങളെന്നാണ് വിദഗ്ദധര്‍ വിശകലനം ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രീയമായ എതിരാളികളുടെ കരുനീക്കങ്ങള്‍ എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഈ സംഭവം കാണിക്കുന്നത് പാക്കിസ്ഥാനില്‍ ഇന്നും നിലനില്‍ക്കുന്ന ചില പ്രത്യേക അവസ്ഥാവിശേഷമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അതിനു തയ്യാറാകാത്ത പോലീസ് സംവിധാനം ഇപ്പോഴും മുന്‍ സൈനിക മേധാവികൂടിയായിരുന്ന മുഷാറഫിനെ പിന്തുണക്കുന്നവര്‍ ഉള്‍പ്പെട്ടതാണെന്ന കാര്യം നിസാരമായി തള്ളിക്കളയാന്‍ അവര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: