കൊട്ടാരക്കര: വിനായക ചതുര്‍ത്ഥി ചിത്രരചനാ മത്സരത്തിന് വിദ്യാര്‍ത്ഥികളുടെ വന്‍ പങ്കാളിത്തം. ഉണ്ണിഗണപതിയുടെ ചിത്രം വരയ്ക്കാന്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി നാനൂറില്പരം വിദ്യാര്‍ത്ഥികളാണ് എത്തിയത്. എല്‍പി, യുപി, എച്ച്എസ് വിഭാഗത്തിലെ കുട്ടികള്‍ക്കാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ചിത്രരചനാമത്സരം ഏര്‍പ്പെടുത്തിയത്. കേരളാ ക്ഷേത്രസംരക്ഷണസമിതിയും കൊട്ടാരക്കര മഹഗണപതി ക്ഷേത്ര ഉപദേശകസമിതിയുമാണ് സംഘാടകര്‍.
രാവിലെ 9ന് കാണിപ്പയ്യൂര്‍ പരമേശ്വരന് നമ്പൂതിരി ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ മുഖ്യാതിഥിയായി. ആര്. ദിവാകരന് അധ്യക്ഷത വഹിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ 9ന് വിനായകചതുര്‍ത്ഥി സാംസ്കാരികസമ്മേളനത്തില്‍ റൂറല്‍ എസ്പി എസ്. സുരേന്ദ്രന് സമ്മാനിക്കും.
ചതുര്‍ത്ഥിദിനത്തില്‍ രാവിലെ 8.30ന് ഗജപൂജയും ആനയൂട്ടും ബോര്‍ഡ് മെമ്പര്‍ പി.കെ കുമാരന് ഉദ്ഘാടനം ചെയ്യും. 10.45ന്മാതൃസമ്മേളനം പി. അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാതൃസമിതി ജില്ലാ പ്രസിഡന്റ് വി. യശോദ ടീച്ചര്‍, ഡോ. ശ്രീഗംഗ, എസ്. കമലകുമാരി എന്നിവര്‍ സംബന്ധിക്കും. മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ ജസ്റ്റീസ് ഡി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. രാഘവന് നായര്‍ പ്രഭാഷണം നടത്തും. മനോജ് മഹേശ്വരം, ആര്. ദിവാകരന്, എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: