പള്ളുരുത്തി: കുമ്പളങ്ങി, ചെല്ലാനം പ്രദേശത്തേക്ക് കുടിവെള്ള വിതരണം നടത്തുന്ന പൈപ്പ് അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്കൂളിന് സമീപം വീണ്ടും തകര്‍ന്നു.
കായലിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ് നന്നാക്കിയതിനുശേഷം 24 മണിക്കൂറുതികയുന്നതിനുമുമ്പ് ഇതേലൈനില്‍ വീണ്ടും പൈപ്പ് പൊട്ടിയത് മൂലം കുമ്പളങ്ങിയിലേക്കുള്ള ജലവിതരണം നിലച്ചു. 12 ദിവസത്തിനുശേഷം ജലവിതരണം പുനരാരംഭിച്ചഘട്ടത്തില് തന്നെ ജലവിതരണം നിലച്ചത് പ്രദേശത്തെ പതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കടുത്തദുരിതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പഞ്ചായത്ത് റോഡിന് അടിയിലൂടെ വലിച്ചിട്ടുള്ള പൈപ്പാണ് പൊട്ടിയത്. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്. പൈപ്പ് തകര്‍ന്ന സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞത് അറ്റകുറ്റപ്പണികള്‍ എളുപ്പത്തിലാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്ക്. ഇന്നത്തോടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപ് പറഞ്ഞു. അരൂര്‍ കായല്‍ ഭാഗത്തും, കുമ്പളം ടോള്‍പ്ലാസയ്ക്ക് സമീപത്തും ഇതേ ജലവിതരണ പൈപ്പ് തകര്‍ന്നിരുന്നു. മൂന്നാമത്തെ തകര്‍ച്ചയാണ് ഇന്നലെയുണ്ടായത്. പമ്പിങ്ങ് ആരംഭിച്ചുവെങ്കിലും ശനിയാഴ്ച കലക്കവെള്ളമാണ് പ്രധാനപൈപ്പുകളിലൂടെ ലഭിച്ചത്. ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി ജലവിതരണം നടത്തുന്നുണ്ട്. ഇന്നലെ വിതരണം നടത്തിയ ടാങ്കര്‍ ലോറിയിലെ വെള്ളത്തില്‍ നിന്നും ചെമ്മീന്‍ കുഞ്ഞും, പൊടിമീനുകളും ലഭിച്ചത് നാട്ടുകാരെ ആശങ്കയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: