തൃപ്പൂണിത്തുറ: കായല്‍ക്കരയില്‍ തിങ്ങികൂടിയ കാണികളില്‍ ആവേശത്തിന്റെ ആലകളുയര്ത്തി അരങ്ങേറിയ എരൂര്‍ ചമ്പക്കര ജലോത്സവം വള്ളം കളി മത്സരത്തില്‍ വൈറ്റില വൈസ്മെന്‍ ക്ലബിന്റെ ടോമി ആന്റണി ക്യാപ്റ്റനായുള്ള കാരിച്ചാല്‍ ചുണ്ടന് ഒന്നാമതെത്തി കിരീടം നേടി. ടി.കെ.രാമകൃഷ്ണന് സ്മാരക ട്രോഫി കരസ്ഥമാക്കി.
കഴിഞ്ഞ കൊല്ലത്തെ ജേതാക്കളായ തൈകൂടം ബോട്ട് ക്ലബ്ബിന്റെ ടി.പി.അനില്‍കുമാര്‍ ക്യാപ്റ്റനായുള്ള ചമ്പക്കുളം ചുണ്ടന് രണ്ടാം സ്ഥാനവും, കോട്ടയം തിരുവാര്‍പ്പ് ബോട്ട് ക്ലബിന്റെ പാട്രിക് ജോസ് ക്യാപ്റ്റനായുള്ള ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും നേടി.
എ ഗ്രേഡ് ഓടിവള്ളങ്ങളുടെ മത്സരത്തില്‍ താന്തോന്നി തുരുത്ത് ബോട്ട് ക്ലബ്ബിന്റെ കെ.ആര്.രതീഷ് ക്യാപ്റ്റനായ താണിയന്‍ ഒന്നാമതെത്തിട്രോഫി നേടി. വളന്തകാട് രാഗം ബോട്ട് ക്ലബ്ബിന്റെ കെ.സി.സഹജന് ക്യാപ്റ്റനായുള്ള സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ ഒന്ന് രണ്ടാം സ്ഥാനവും ചേപ്പനം ബോട്ട് ക്ലബ്ബിന്റെ അജിത് കുമാര്‍ ക്യാപ്റ്റനായ വലിയ പണ്ഡിതന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബി ഗ്രേഡ് ഓടിവള്ളങ്ങളുടെ മത്സരത്തില്‍ കുറുകോട്ട ബോട്ട് ക്ലബ്ബിന്റെ വി.എസ്.രൂപേഷ് ക്യാപ്റ്റനായ ജി.ബി.തട്ടകന്‍ ഒന്നാം സമ്മാനം നേടി. കല്ലിന് കടവ് താനിയം യുവശക്തി ക്ലബ്ബിന്റെ വിശാഖ് സാബു ക്യാപ്റ്റനായ ശ്രീമുരുകന് രണ്ടാമതും, പനങ്ങാട് സണ്‍റൈസ് ക്ലബിന്റെ അഭിലാഷ് മെയിലന്തറ നേതൃത്വം നല്കിയ സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 2 മൂന്നാം സ്ഥാനവും നേടി.
ചമ്പക്കര കായലില്‍ ഇന്നലെ ഉച്ചക്ക് നടന്ന ജലോത്സവം എക്സൈസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംഎല്‍എ പതാക ഉയര്‍ത്തി. മേയര്‍ ടോണി ചമ്മിണി തുഴ കൈമാറി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ഹൈബി ഈഡന് എംഎല്‍എ, ഡപ്യൂട്ടിമേയര്‍ ബി.ഭദ്ര തൃപ്പൂണിത്തുറ ചെയര്മാന് ആര്.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ആര്.കെ.സുരേഷ് ബാബു സ്വാഗതവും കണ്‍വീനര്‍ പി.കെ.അപ്പുക്കുട്ടന് നന്ദിയും പറഞ്ഞു.
സമാപനസമ്മേളനത്തില്‍ പി.രാജീവ് എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു ഡോമിനിക്ക് പ്രസിഡന്റേഷന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: