വാഷിംഗ്ടണ്‍: സിറിയന്‍ ഭരണകൂടത്തിനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. രാസായുധം പ്രയോഗിച്ചതിനെതിരെയാണ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി.
നേരത്തെ ഒബാമയുടെ സിറിയക്കെതിരായ നീക്കം ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടിരുന്നു. ഇപ്പോള്‍ അസദ് ഭരണകൂടത്തിനെതിരെ സൈനിക നടപടിക്ക് അനുമതി തേടി യുഎസ് കോണ്‍ഗ്രസിനെ സമീപിക്കുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ നടപടി എപ്പോഴുണ്ടാകുമെന്ന് ഒബാമ വ്യക്തമാക്കിയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയയ്ക്കെതിരായ സൈനിക നടപടിക്ക് ഉടന്‍ തന്നെ യുഎസ് കോണ്‍ഗ്രസ് വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് അനുമതി തേടുമെന്ന് ഒബാമയെ അനുഗമിച്ച വൈസ് പ്രസിഡന്റ് ജോ ബിഡെനും പറഞ്ഞു.
വളരെ സൂക്ഷ്മമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സിറിയയെ ലക്ഷ്യമാക്കി അമേരിക്കയുടെ സൈനിക നടപടി വേണമെന്ന് താന്‍ തീരുമാനിച്ചത്. രാസായുധം പ്രയോഗിച്ചതിന് അസദ് ഭരണകൂടത്തെക്കൊണ്ട് കണക്കു പറയിക്കാമെന്ന് തനിക്ക് ഉറപ്പുണ്ട്. ഈ ആക്രമണം മനുഷ്യത്വത്തിന് എതിരെയുള്ളതാണ്. മാത്രമല്ല രാസായുധങ്ങള്‍ നിരോധിക്കണമെന്ന ആഗോള നിരോധനത്തിന് നേരെയുള്ള തിരസ്കാരവും കൂടിയാണിത്. നിരവധി അപകടങ്ങള്‍ പതിയിരിക്കുന്ന ലോകത്ത് ഈ ആക്രമണം എതിര്‍ക്കപ്പെടേണ്ടതാണ്. അമേരിക്ക തീര്‍ച്ചയായും സൈനിക നടപടി സ്വീകരിക്കണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
സൈന്യത്തെ ഉപയോഗപ്പെടുത്തുന്നതിന് യുഎസ് ജനപ്രതിനിധികളുടെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെയും അനുമതി താന്‍ തേടും. സിറിയയ്ക്കെതിരായ സൈനിക നടപടിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഒബാമ നിയമനിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു. കക്ഷി വ്യത്യാസത്തിനും രാഷ്ട്രീയത്തിനും അപ്പുറത്ത് ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അതിനാല്‍ നമ്മുടെ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയാണെന്നും ഒബാമ പറഞ്ഞു.
ദമാസ്കസില്‍ എന്തു നടന്നുവെന്നതിന് നേര്‍ക്ക് കണ്ണടച്ചിരിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല. അമേരിക്കയ്ക്ക് അതിന്റെ കടമകള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ചുക് ഹേഗലും ഒബാമയെ ഉടന്‍ തന്നെ പിന്തുണച്ചു. സിറിയയില്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി തേടാനുള്ള ഒബാമയുടെ തീരുമാനത്തോട് യോജിക്കുന്നു. സിറിയയിലെ രാസായുധ ആക്രമണത്തിന് നേര്‍ക്ക് കണ്ണടച്ചിരിക്കാനാകില്ല, ഹേഗലിന്റെ വക്താവ് ജോര്‍ജ് ലിറ്റില്‍ പറഞ്ഞു.
അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതായും 426 കുട്ടികളുള്‍പ്പെടെ 1,429 പേര് കൊല്ലപ്പെട്ടതായും രഹസ്യാന്വേഷണ സംഘടനകളുടെ വെളിപ്പെടുത്തലിനു തൊട്ടുപുറകെയാണ് ഒബാമയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. നേരിട്ട് സൈന്യത്തെ സിറിയന്‍ മണ്ണിലേക്ക് അയയ്ക്കില്ലെന്നാണ് ഒബാമ ശനിയാഴ്ച പറഞ്ഞത്. എന്നാല്‍ നിയന്ത്രിത സൈനിക ഇടപെടലിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ഒബാമ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: