മരട്: പേരുകേട്ട ജലമേളകളിലൊന്നായ എരൂര്‍-ചമ്പക്കര ജലോത്സവം ഇന്നു നടക്കും. ഉച്ചക്ക് രണ്ടുമുതലാണ് ചമ്പക്കര കായലിലെ ഓളപ്പരപ്പില്‍ ജലോത്സവം തുടങ്ങുക. സംസ്ഥാനഫിഷറീസ് തുറമുഖ വകുപ്പു മന്ത്രി കെ.ബാബുവാണ് ഉദ്ഘാടനം ചെയ്യും. മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ ടോണി ചമ്മണി തുഴകൈമാറും. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്പരീത് വള്ളം കളി മത്സരം ഫ്ലാഗ്ഓഫ് ചെയ്യും.
എസ്.ഗോപാലകൃഷ്ണന് മാസ്ഡ്രില്ലിന് നേതൃത്വം നല്‍കും. ചലച്ചിത്ര നടന് മനോജ് കെ.ജയന് മുഖ്യ അതിഥിയായി പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ പി.രാജീവ് എംപി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ആയിരങ്ങളെ സാക്ഷിയാക്കി ചമ്പക്കര കായലാണ് മത്സരവള്ളംകളി. ചമ്പക്കുളം ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന്, ആയാപറമ്പ് പാണ്ടി, പുളിങ്കുന്ന് എന്നീ പ്രമുഖ ചുണ്ടന് വള്ളങ്ങള്‍ മത്സരത്തില്‍ പരസ്പരം മാറ്റുരക്കും. താണിയന്‍, വലിയ പണ്ഡിതന്, ജലറാണി, ഹനുമാന് നമ്പര്‍വണ്‍, കുന്നത്തുപറമ്പന്‍, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, മുത്തപ്പന്, ശരവണന് സെന്റ് ആന്റണി എന്നീ വള്ളങ്ങളാണ് എഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തില്‍ മത്സരിക്കുക.
ബി ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തില്‍ ഹനുമാന് നമ്പര്‍ 2, ജിഎംഎസ് നമ്പര്‍ 2, ശ്രീമുരുകന്, പുത്തന്‍ പറമ്പന്‍, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 2 ശ്രീഭദ്ര, മെയില്‍ വാഹനന്, ജിബി തട്ടകന്‍, പാര്‍ത്ഥസാരഥി, കാശിനാഥന് എന്നീവള്ളങ്ങള് മത്സരിക്കും. വള്ളം കളിയുടെ മുന്നോടിയായി ഇന്നലെ വൈകിട്ട് നാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും മരടില്‍ നടന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരവും നടന്നു.
വള്ളംകളി മുന്‍ വര്ഷങ്ങളിലേതിനേക്കാള് മികച്ചതാക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ജലോത്സവ കമ്മറ്റി ചെയര്മാന് അഡ്വ.ടി.കെ.ദേവരാജനും കണ്‍വീനര്‍ ആര്.കെ.സുരേഷ് ബാബുവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: