പള്ളുരുത്തി: കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് ആറുദിവസം പിന്നിടുന്നു. കുമ്പളം-അരൂര്‍ പാലത്തിനടിയിലൂടെ കായല്‍ ഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന പൈപ്പ് തകര്‍ന്നതാണ് പടിഞ്ഞാറന്‍ കൊച്ചിയിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും കുടിവെള്ളം കിട്ടാതെ വലയുന്നത്.
കുമ്പളം, അരൂര്‍ പാലത്തിന് താഴെ കായല്‍ ഭാഗത്താണ് പൈപ്പ് തകര്‍ന്നിട്ടുള്ളത്. അരൂര്‍ ഭാഗത്ത് അപ്രോച്ച് റോഡിനോട് ചേര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി തകര്‍ന്ന പൈപ്പ് കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ജെസിബി ഉപയോഗിച്ചാണ് കായല്‍ ഭാഗത്ത് തെരച്ചില്‍ നടക്കുന്നത്. കായലിന് കീഴെ അഞ്ചു മീറ്റര്‍ താഴെയാണ് പൈപ്പ് കിടക്കുന്നത്. തകര്‍ന്ന പൈപ്പ് കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി കൊച്ചി എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.
1985 ല്‍ തൊടുപുഴയിലെ ഒരു കരാര്‍ കമ്പനിയാണ് കായലിലൂടെയുള്ള പൈപ്പിടല്‍ ജോലികള്‍ നടത്തിയത്. തകര്‍ന്ന പൈപ്പ് കണ്ടെത്താന്‍ ഇതേ കമ്പനിയെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ജലഅതോറിറ്റി അറിയിച്ചു. വേലിയിറക്ക സമയങ്ങളിലാണ് കായലിലെ ജോലികള്‍ നടത്തുന്നത്. കുഴിയെടുക്കുന്ന ഭാഗത്ത് വെള്ളം കയറാതിരിക്കാന്‍ ഇരുമ്പിന്റെ ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏറെ ദുര്‍ഘടം പിടിച്ച ജോലിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജലഅതേറിറ്റി അധികൃതര്‍ പറഞ്ഞു. അതേസമയം കുടിവെള്ളം കിട്ടാതായതോടെ കുമ്പളങ്ങി നിവാസികള്‍ വെള്ളം ശേഖരിക്കാന്‍ അടുത്ത പ്രദേശങ്ങളെ ആശ്രയിക്കുകയാണ്.
കാലിക്കുടങ്ങളുമായി പെരുമ്പടപ്പിലെ പൊതുടാപ്പുകളില്നിന്നുമാണ് വെള്ളം ശേഖരിച്ചുവരുന്നത്. എംഎല്‍എയെ സ്വാധീനിച്ച് ചില പഞ്ചായത്തംഗങ്ങള്‍ അവരുടെ വാര്‍ഡുകളിലേക്ക് മാത്രം ടാങ്കര്‍ലോറികളിലെ വെള്ളം എത്തിക്കുന്നതായി നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപിന്റെ നേതൃത്വത്തില്‍ കളക്ടറുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് 26,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കര്‍ലോറിയുള്‍പ്പെടെ മൂന്ന് ടാങ്കറുകള്‍ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: