വാഷിങ്ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സമര നേതാവായിരുന്ന മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ പ്രശസ്ത പ്രസംഗമായ ‘ഐ ഹാവ് എ ഡ്രീമി’ന് അമ്പത് വയസ്. പ്രസംഗത്തിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് അമേരിക്കയില്‍ തുടക്കമായി.
1963 ഓഗസ് 28ന് വാഷിങ്ടണിലെ എബ്രഹാം ലിങ്കണ് സ്മാരകത്തിന്റെ മുന്നില്‍ നടത്തിയ മാര്ട്ടിന് ലൂഥറിന്റെ പ്രസംഗത്തിന് കാതോര്‍ത്തത് രണ്ട് ലക്ഷത്തിലധികം ആളുകളായിരുന്നു. വര്‍ണ വിവേചനത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ അഭിസംബോധന ചെയ്ത മാര്ട്ടിന് ലൂഥര്‍ കിങ് ‘എനിക്കൊരു സ്വപ്നമുണ്ട്. എന്റെ കുട്ടികളെ നിറത്തിന്റെ പേരിലല്ലാതെ സ്വഭാവ മഹിമയുടെ പേരില്‍ വിലയിരുത്തുന്ന ദിവസത്തെക്കുറിച്ചുള്ള സ്വപ്നം‘ – ഒരു ജനതയുടെ മുഴുവന്‍ സ്വാതന്ത്ര്യ ചിന്തകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇത്.
ലൂഥര്‍ കിങിന്റെ പ്രസംഗത്തിന് നാല് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പ്രസിഡന്റ് ലിന്റണ് ബി ജോണ്സണ് പൗരാവകാശ നിയമം കൊണ്ടുവന്നു. ആ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയ്ക്കായി ലിങ്കണ് സ്മാരകത്തില്‍ മാര്ട്ടിന് ലൂഥര്‍ കിങിന്റെ പ്രസംഗം എഴുതിച്ചേര്‍ത്തു. എന്നാല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയ അവകാശങ്ങള്‍ നടപ്പാക്കി കിട്ടാന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പിന്നെയും പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നു. മാര്ട്ടിന് ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. കറുത്ത വര്‍ഗ്ഗക്കാരുടെ സമരം പല രൂപത്തില്‍ ഇപ്പോഴും തുടരുകയാണ്.
ബുധനാഴ്ച മൗണ്ട് അയ്റെ ബാപ്റ്റിസ് പള്ളിയില്‍ പ്രസംഗത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓഗസ്റ്റ് 28 വരെയാണ് ആഘോഷപരിപാടികള്‍. നാഷനല്‍ അര്‍ബന്‍ ലീഗും സതേണ്‍ ക്രിസ്ത്യന്‍ ലീഡര്ഷിപ് കോണ്‍ഫറന്‍സുമാണ് വാഷിങ്ടണിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുവാക്കളുടെയും വനിതകളുടെയും പൗരവാകാശങ്ങളും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സമ്മതിദായക അവകാശങ്ങളും ദാരിദ്ര്യവും എന്ന വിഷയത്തിലും ചര്‍ച്ചകള്‍ നടക്കും.
പോസ്റ്റല്‍ വകുപ്പ് സുവര്‍ണജൂബിലിയുടെ സ്മരണാര്‍ഥം മാര്ട്ടിന് ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ സ്റ്റാമ്പും പ്രകാശനം ചെയ്യും. ലക്ഷം ജനങ്ങള്‍ അണിനിരക്കുന്ന ദേശീയ മാള്‍ മാര്‍ച്ച് ശനിയാഴ്ച നടക്കും. ആഗസ്റ്റ് 28ലെ സമാപന ചടങ്ങില്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ് തുടങ്ങിയവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: