കൊച്ചി: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ പുനഃനിര്‍മിക്കുന്നതിനായി 76.15 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. പൊതുമരാമത്ത് റോഡുകളിലും ദേശീയപാതയിലുമായി 589 റീച്ചുകളിലാണ് റോഡുകള്‍ നന്നാക്കുക. മഴ മൂലമുണ്ടായ കേടുപാടുകള്‍ മൂന്നാഴ്ചയ്ക്കകം പരിഹരിക്കും. തുടര്‍ന്ന് റീടാറിങ് നടത്തും.
ജില്ലയിലെ റോഡുകളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് റോഡുകള്‍ക്ക് 54 കോടി രൂപയും ദേശീയപാതയ്ക്ക് 32 കോടി രൂപയുമാണ് നീക്കിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ 485.8 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡാണ് മഴയില്‍ തകര്‍ന്നത്. ദേശീയപാത 17ല്‍ ചെറിയപ്പള്ളി, മഞ്ഞുമ്മല്‍, ഇടപ്പള്ളി റെയില്‍വെ മേല്‍പ്പാലം അപ്രോച്ച് റോഡ്, ദേശീയപാത 49ല്‍ മൂവാറ്റുപുഴ ടൗണ്‍, മധുര – കൊച്ചി റോഡില്‍ ജില്ലയിലെ നിരവധി ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിതി ശോചനീയമാണ്. ദേശീയപാത 17, 49 എന്നിവയിലെ കുഴികള്‍ ഉടനെ അടച്ചതിന് ശേഷം മഴ മാറുന്നതനുസരിച്ച് ഓവര്‍ലേ ജോലികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ പണികള്‍ക്കായി കുഴിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ 25ലേറെ റോഡുകള്‍ ഈ വകുപ്പുകളുടെ അനാസ്ഥ മൂലം തകര്‍ന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ല കളക്ടര്‍ അധ്യക്ഷനായ സമതിക്കുമുമ്പില്‍ വരാത്ത ഒരു റോഡും പൊളിക്കാന്‍ അനുവദിക്കില്ല. റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുക മുന്കൂര്കെട്ടിവയ്ക്കണമെന്ന നിബന്ധനയും കര്‍ശനമാക്കിയതായി അദ്ദേഹം പറഞ്ഞു.
റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആരംഭിക്കും. പരിശോധന റിപ്പോര്‍ട്ടുകളില്‍ കാലതാമസമില്ലാതെ തുടര്‍ നടപടികള്‍ സ്വീകരിക്കും. റോഡ് നിര്‍മാണത്തിനാവശ്യമായ ടാര്‍, മെറ്റല്‍ തുടങ്ങിയവ വാങ്ങിയ ബില്ലുകള്‍ സൂക്ഷ്മായി പരിശോധിക്കും. ഇവയുടെ വിനിയോഗം ഉറപ്പാക്കാന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തും.
റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ടെക്നിക്കല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സാമ്പിള്‍ ശേഖരിച്ച് നിശ്ചിത മാനദണ്ഡം പാലിക്കാത്ത കരാറുകാരുടെയും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ കര്‍ശന നടപടി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട എല്ലാ ജോലികളുടെയും അടങ്കല്‍ തുക, കരാറുകാരന്റെ വിവരം, മേല്‍നോട്ട ഉദ്യോഗസ്ഥറുടെ വിവരങ്ങള്‍, ഗാരന്റി കാലാവാധി, പരാതികള്‍ അറിയിക്കാനുള്ള വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കും. അനുമതിയില്ലാതെ റോഡുകള്‍ വെട്ടിക്കുഴിക്കുന്ന വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ കേരള ഹൈവ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കര്‍ശന നടപടി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
റോഡുകളില്‍ പണി നടത്താന്‍ അനുമതി നല്കുന്ന ജില്ലാ ഏകോപന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. റോഡ് പുനസ്ഥാപിക്കുന്നതിനുള്ള തുക മുന്‍കൂര്‍ കെട്ടിവയ്ക്കാതെ റോഡ് വെട്ടിക്കുഴിക്കാന്‍ അനുവദിക്കില്ല. മെയ് മുതല്‍ ഒക്ടോബര്‍ വരെ റോഡ് കുഴിക്കാന്‍ അനുവാദം നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. അനധികൃത കയ്യേറ്റം, പരസ്യബോര്‍ഡുകള്‍, പാര്‍ക്കിങ് എന്നിവയ്ക്കെതിരെയും ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കും. റോഡ് നിര്‍മാണത്തിന് പെര്‍ഫോമന്‍സ് ഗ്യാരന്റി കര്‍ശനമാക്കാനുള്ള തീരുമാനവും പ്രാബല്യത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
എക്സൈസ്മന്ത്രി കെ. ബാബു, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, എം.എല്‍.എമാരായ ബെന്നി ബഹന്നാന്, ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, അന്‍വര്‍ സാദത്ത്, ടി.യു. കുരുവിള, ജോസഫ് വാഴയ്ക്കന്, ലൂഡി ലൂയിസ്, സാജു പോള്‍, എസ്. ശര്‍മ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: