പള്ളുരുത്തി: പ്രകൃതിവാതകവുമായി ഖത്തറില്‍നിന്നും എത്തിയ കപ്പല്‍ വില്ലെനര്ജി ഇന്ന് എല്‍എന്‍ജി ടെര്‍മിനലില്‍ അടുപ്പിക്കും. കഴിഞ്ഞ ഒമ്പത് ദിവസമായി പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ അടുക്കുന്നതോടെ ആഴ്ചകളായി ആശങ്കയിലായിരുന്ന വ്യവസായ ലോകത്തിന് പുത്തനുണര്‍വാകും. ടെര്‍മിനല്‍ പരിസരത്ത് എക്കല്‍ നിറഞ്ഞതിനാല്‍ കപ്പല്‍ അടുപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ച്ചയായി മൂന്ന് ഡ്രഡ്ജറുകള്‍ ചെളി നീക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടും വേണ്ടത്ര പുരോഗതിയുണ്ടാകാത്തത് തുറമുഖ ട്രസ്റ്റ് അധികൃതര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഡ്രഡ്ജിംഗ് തുടരുന്നതിനിടയിലും കടലില്‍നിന്നുള്ള ചെളിയും എക്കലും കപ്പല്‍ ചാലില്‍ നിറഞ്ഞത് അധികൃതരുടെ ആശങ്ക കൂട്ടി. ടെര്‍മിനലിന് പുറത്തായി രണ്ട് ബണ്ടുകള്‍ നിര്‍മ്മിച്ച് ചെളികയറുന്നത് നിയന്ത്രിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു ബണ്ട് മാത്രമാണ് നിര്‍മ്മിച്ചത്. ബണ്ടില്ലാത്ത ഭാഗത്തുകൂടിയാണ് ചെളി വന്‍തോതില്‍ കയറിയത്.
ഇപ്പോള്‍ ബര്‍ത്തില്‍ 14 മീറ്റര്‍ ആഴമുണ്ട്. കപ്പലിന്റെ ഡ്രാഫ്റ്റ് 12 മീറ്ററാണ്. ഇൗയൊരു അവസ്ഥയില്‍ കപ്പല്‍ കയറുന്നതിന് തടസമുണ്ടാവില്ല. എന്നാല്‍ ചെളിയും എക്കലും നിറയുന്നത് തുടരുന്നതിനാല്‍ പ്രകൃതിവാതകം ഇറക്കിക്കഴിഞ്ഞാല്‍ കപ്പലിന് തിരിച്ചുപോകുവാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ വാതകം ഇറക്കിക്കഴിഞ്ഞാല്‍ കപ്പലിന്റെ ഡ്രാഫ്റ്റ് 9 മീറ്ററില്‍ താഴെയാകും. കപ്പലിന്റെ തിരിച്ചുപോക്കിന് ഇക്കാരണത്താല്‍ തടസമുണ്ടാകില്ല.
എന്നാല്‍ തുടര്‍ന്നും കപ്പലുകള്‍ വരുന്ന സാഹചര്യത്തില്‍ ഡ്രഡ്ജിംഗ് തുടരേണ്ട അവസ്ഥയുണ്ടായാല്‍ അത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും പോര്ട്ട്ട്രസ്റ്റിന് എത്തിക്കുക. പ്രകൃതിവാതക കപ്പല്‍ ബര്ത്തിലടുക്കാതെ പുറങ്കടലില്‍ കഴിഞ്ഞിരുന്ന സമയത്തെ നഷ്ടം കോടികള്‍ കവിയും. കടലിലെ ചെളിയുടെ വരവ് തടയുന്നതിന് വിദഗ്ധര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഇതൊന്നും പാലിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. 56,000 ടണ്‍ ദ്രവീകൃത പ്രകൃതിവാതകമാണ് കപ്പലിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: