തിരുവനന്തപുരം : വിദേശ കറന്‍സി ഇടപാടു നടത്തിയ കേസില്‍ അറസ്റ്റിലായ തിരുവല്ല കെ.പി. പുന്നൂസ് കോടികള്‍ തട്ടിപ്പു നടത്തിയത് പൂവാറില്‍ പ്രവര്‍ത്തിച്ചിരുന്ന എഫ്സിആര്‍എ ലൈസന്‍സുള്ള ട്രസ്റ്റ് സ്വന്തം പേരിലാക്കിക്കൊണ്ട്. ട്രസ്റ്റിന്റെ മറവില്‍ അമ്പത്ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നു കെ.പി. പുന്നൂസ് തട്ടിയെടുത്തത്.
വിദേശ കറന്‍സി ഇടപാടിനായി ഉപയോഗിച്ച ഒലിവുമല എന്ന ട്രസ്റ്റ് പൂവ്വാര്‍ പ്രാഞ്ചിക്കാല വീട്ടില്‍ ലീലാഭായിയും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂവ്വാര്‍ സബ് രജിസ്ട്രാര്‍ ആഫീസില്‍ കഢ/25/2001 രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഈ ട്രസ്റ്റിന്റെ പേരില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം ലക്ഷ്യമിട്ട് മൗണ്ട് കാര്‍മ്മല്‍ എന്ന പേരില്‍ സിബിഎസ്ഇ സ്കൂളും തുടങ്ങിയിരുന്നു. സാധുക്കളായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി വിദേശങ്ങളില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനായി എഫ്സിആര്‍എ ലൈസന്‍സും ഈ ട്രസ്റ്റ് നേടിയിരന്നു. എഫ്സിആര്‍എ ലൈസന്‍സ് നേടിയവരുടെ പട്ടികയില്‍ ഒലിവ്മല കടന്നുകൂടിയതോടെയാണ് കെ.പി. പുന്നൂസ് ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്റെ സ്വാധീനത്താല്‍ പള്ളി വഴി ട്രസ്റ്റ് അംഗങ്ങളുമായി അടുപ്പം സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ സ്കൂളിനു വേണ്ടി ചെറിയ രീതിയില്‍ സാമ്പത്തിക സഹായം കെ.പി. പുന്നൂസ് നല്‍കിയിരുന്നു. തുടര്‍ന്ന് എഫ്സിആര്‍എ ലൈസന്‍സ് ഉള്ളതിനാല്‍ ധാരാളം വിദേശ ധനസഹായം ലഭ്യമാക്കാമെന്നും. ആയതിലേക്ക് സ്കൂള്‍ പുനരുദ്ധരിക്കണമെന്നും ട്രസ്റ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അമ്പത് ലക്ഷത്തോളം രൂപ ട്രസ്റ്റ് അംഗങ്ങള്‍ പലരില്‍ നിന്നും വായ്പയായി എടുത്ത് കെ.പി. പുന്നൂസിനെ ഏല്‍പ്പിച്ചു. എന്നാല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ അസ്ഥിവാരം നിര്‍മ്മിക്കുക മാത്രമാണുണ്ടായത് വിദേശത്തു നിന്നും കൂടുതല്‍ പണമിടപാടുകള്‍ നടത്തണമെങ്കില്‍ തന്നെ മാനേജിംഗ് ട്രസ്റ്റിയാക്കി ഒലിവ്മല എന്ന പേരില്‍ തന്നെ കഢ/12/2010- ാം നമ്പരായി ട്രസ്റ്റ് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കെ.പി. പുന്നൂസിനെ കൂടാതെ മുന്‍ മാനേജിംഗ് ട്രസ്റ്റി ലീലാഭായി നിരണം മുണ്ടകത്ത് പുത്തന്‍പറമ്പില്‍ പി.എം. എബ്രഹാം, നിരണം എട്ടിയാറിടയില് അനിതാ സാമുവേല്‍, നിരണം മഠത്തുവേലില് പുരയിടത്തില്‍ എബ്രഹാം ജോസഫ് എന്നിവരാണ് മറ്റംഗങ്ങള്‍. ഇതില്‍ പി.എം എബ്രഹാമിന്റെ ജോലി ഡ്രൈവറെന്നും മറ്റ് നാലുപേരും സാമൂഹ്യപ്രവര്‍ത്തകര്‍ എന്നുമാണ് സബ് രജിസ്ട്രാര്‍ രേഖകളില്‍ പറഞ്ഞിരിക്കുന്നത്.
ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക, ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ, മെഡിക്കല്‍ കോളേജ് തുടങ്ങുക യാചകരെ പുനരധിവസിപ്പിക്കുക എന്നിങ്ങനെയാണ്. മുന്‍ മാനേജിംഗ് ട്രസ്റ്റി ലീലാഭായിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു കെ.പി. പുന്നൂസ് മാനേജിംഗ് ട്രസ്റ്റി ആയതോടെ പൂവ്വാറിലേക്ക് വന്നിട്ടില്ല. ട്രസ്റ്റ് സ്വന്തം പേരിലാക്കിയെടുക്കുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം.പിന്നീടുള്ള പ്രവര്‍ത്തനം നിരണം കേന്ദ്രീകരിച്ചായിരുന്നു. പൂവ്വാറില്‍ ലീലാഭായിയുടെ വീട്ടില്‍ ട്രസ്റ്റിന്റെ ബോര്‍ഡു മാത്രം.
സ്കൂള്‍ പുന്നരുദ്ധാരണത്തിനായി വാങ്ങിയ വായ്പകളിന്മേല് നിയമനടപടികള്‍ നേരിടുകയാണ് ലീലാഭായിയുടെ കുടുംബം കഴിഞ്ഞ വര്‍ഷത്തോടെ സ്കൂളിന്റെ പ്രവര്‍ത്തനം നിലച്ചു.
അജി ബുധന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: