കൊല്ലം: ഓണത്തിരക്ക് അടുക്കും തോറും കൊല്ലം നഗരം കൂടുതല്‍ ഗതാഗതക്കുരുക്കിലേക്ക്. ഗതാഗത പ്രശ്നം സുഗമമാക്കാന്‍ ആരംഭിച്ച ഇരുമ്പുപാലത്തിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാത്തതാണ് നഗരത്തിലെ പ്രധാന പ്രശ്നം. വമ്പന്‍ സ്ഥാപനങ്ങള്‍ക്കുപോലും മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലാത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്.
കൊല്ലം-ചെങ്കോട്ട റോഡില്‍ ബസുകള്‍ക്ക് ഒച്ചിന്റെ വേഗതയാണ്. നാലും കൂടുന്ന കവലകളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ്.
കുണ്ടറ ആശുപത്രിമുക്ക്, മുക്കട, കരിക്കോട്, കല്ലുതാഴം എന്നിവിടങ്ങളിലാണ് തിരക്കും ഗതാഗതക്കുരുക്കും അസഹനീയമാകുന്നത്. കല്ലുതാഴം, ടൗണ്‍ ലിമിറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ ആഡിറ്റോറിയങ്ങളില്‍ വിവാഹച്ചടങ്ങുകളുണ്ടെങ്കില് അന്നത്തെ യാത്ര പെരുവഴിയിലായതുതന്നെ എന്നതാണ് അവസ്ഥ.
ഇരുമ്പുപാലത്തിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയായില്ലെങ്കില്‍ അത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും. അതിനിടയിലാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ ഈ ട്രാഫിക് കുരുക്കിനിടയില്‍ ഹെല്‍മറ്റ് വേട്ട നടത്തുന്നത്.
കോണ്‍വെന്റ് ജംഗ്ഷനിലും താലൂക്ക് ഓഫിസ് ജംഗ്ഷനിലും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കേണ്ട സീബ്രാലൈനില്‍ക്കൂടി വാഹനങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നവരെ തട്ടിമാറ്റി യുടേണ്‍ തിരിഞ്ഞ് പോകുന്നതും പതിവാണ്. യാത്രക്കാര്‍ക്ക് മറികടക്കാന്‍ സീബ്രാലൈന്‍ റോഡ് സിഗ്നന്‍ കത്തുമ്പോഴും വാഹനങ്ങല്‍ മറികടക്കുന്ന സാഹചര്യമാണുള്ളത്.
ഗതാഗതക്കുരുക്ക്, പാര്‍ക്കിംഗ് സൗകര്യക്കുറവ് എന്നിവ കാരണം കൊല്ലം സിറ്റിയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം അനുഭവപ്പെടുന്നത്.
പുതിയ രീതിയില്‍ പാര്‍ക്കിംഗ് സൗകര്യമുള്ള മാളുകളില്‍ മാത്രമായി വ്യാപാരം ഒതുങ്ങുകയാണ്. ഇതുകാരണം റോഡിന്റെ ഇരുവശവും കച്ചവടം ചെയ്യുന്ന ചില്ലറ വില്പനക്കാര്ക്ക് കച്ചവടം തീരെയില്ലാത്ത അവസ്ഥയാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡിന്റെയും ഓടകളുടെയും അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: