തിരുവനന്തപുരം : തിരുവനന്തപുരം മോഡല്‍ സ്കൂളിലെ ചങ്ങാതിക്കൂട്ടം പത്തുവര്‍ഷത്തിനുശേഷം വീണ്ടും ഒരുമിച്ചകൂടി. അവര്‍ക്കിടയിലേക്ക് നിര്‍മ്മാതാവ് സുരേഷ്കുമാറും കുടുംബവും നടന് മോഹന്‍ലാലും വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയതോടെ ട്രിവന്ഡ്രംക്ലബ്ബിലെ സായാഹ്നം ഓര്‍മ്മകളുടെ കടലിരമ്പമായി.
നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍ തന്റെ സിനിമാ ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ അദ്ദേഹത്തെ ആദരിക്കാന്‍ മോഡല്‍ സ്കൂളിലെ 69-75 ബാച്ചിലെ സഹപാഠികളും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയ കൂട്ടായ്മയാണ് അവിസ്മരണീയമായ കൂടിച്ചേരലുകള്‍ക്ക് വേദിയായത്. പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന് മോഹന്‍ലാല്‍ അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ചങ്ങാതിക്കൂട്ടം ഒത്തൊരുമിച്ചിരുന്നു. വീണ്ടും സൗഹൃദങ്ങള്‍ പങ്കിടാന്‍ ഒത്തുകൂടിയ വേദിയില്‍ സുരേഷ്കുമാറിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സമയം ചെലവഴിക്കാന്‍ മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ കൂടിയെത്തിയതോടെ ചടങ്ങുകള്‍ ഗംഭീരമായി. സുരേഷ്കുമാര്‍, ഭാര്യ മേനക, മക്കളായ രേവതി, കീര്‍ത്തി, സുരേഷ്കുമാറിന്റെ അമ്മ ശാരദ, ബന്ധുക്കള്‍, മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര്. ചലച്ചിത്രരംഗത്തുനിന്നു സംഗീതസംവിധായകന് എം. ജയചന്ദ്രന്, ഭാഗ്യലക്ഷ്മി, സംവിധായകരായ കെ. മധു, ശശി പറവൂര്‍, അശോക്, ജി.എസ്. വിജയന്, സാബു ചെറിയാന്, കിരീടം ഉണ്ണി, കൂട്ടായ്മയുടെ ഓര്‍ഗനൈസര്‍ സ്റ്റാന്‍ലി വില്‍സണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
വൈകുന്നേരം 7ന് മോഹന്‍ലാല്‍ എത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. 69-75 കാലഘട്ടത്തിലെ ഓര്‍മ്മകളും സൗഹൃദങ്ങളും സുരേഷ്കുമാര്‍ പങ്കുവച്ചു. തൈക്കാട് മൈതാനത്തു കളിച്ചു നടന്നതും കോളേജ് ജീവിതകാലവുമൊക്കെ സൂചിപ്പിച്ച സുരേഷ്കുമാര്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്ന് മാറിയതിലുള്ള പരിഭവവും പറഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം മോഹന്‍ലാലും സുരേഷ്കുമാറും കുടുംബവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് രേവതി കലാമന്ദിറിന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ഇതിനിടെ സുരേഷ്കുമാറിന്റെയും മേനകയുടെയും 25-ാം വിവാഹ വാര്‍ഷിക ചടങ്ങുകൂടിയാണിതെന്ന അനൗണ്‍സ്മെന്റ്. സംഘാടകനില്‍ നിന്നു മൈക്കി വാങ്ങി സുരേഷ്കുമാര്‍ തിരുത്തി. തങ്ങളുടെ പ്രണയം പൂവണിഞ്ഞതിന്റെ 26-ാം വാര്‍ഷികമാണെന്ന്. തുടര്‍ന്ന് കേക്ക് മുറിക്കല്‍, അതിനുശേഷം ലാലും സുരേഷ്കുമാറും കുടുംബവുമൊത്ത് സഹപാഠികളുമൊത്തുള്ള ഫോട്ടോ സെഷനുകള്‍, പഴയകാ സൗഹൃദങ്ങളുടെ ഊട്ടിയുറപ്പിക്കലുകള്‍. ഒടുവില്‍ ലാലിന്റെ മറുപടി പ്രസംഗം. അച്ഛനും അമ്മയ്ക്കും മകള്‍ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് മോഹന്‍ലാലിന്റെ കമന്റ്. തേനും വയമ്പും എന്ന സിനിമയില്‍ സുരേഷ്കുമാര്‍ അഭിനയിച്ചിരുന്നത് സൂചിപ്പിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. ലാലിന്റെ പഴയ നായിക മേനകയും പുതിയ നായിക കീര്‍ത്തിയും സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ ആസ്വദിച്ചു. 37 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ദിനങ്ങളിലേക്ക് ലാലിന്റെ ഒരു എത്തിനോട്ടം. അമ്മ കിടപ്പിലായതുകൊണ്ടാണ്. എറണാകുളത്തേക്ക് മാറേണ്ടിവന്നതെന്നും തിരുവനന്തപുരം വിട്ടുപോയിട്ടില്ലെന്നും സുരേഷ്കുമാറിന്റെ പരിഭവത്തിന് മറുപടി. അപൂര്‍വ്വ കൂട്ടായ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു മണിക്കൂര്‍ ചെലവഴിച്ച ശേഷം ലാല്‍ മടങ്ങി. ചങ്ങാതിക്കൂട്ടം വീണ്ടും ഓര്‍മ്മയുടെ വസന്തകാലത്തിലേക്ക് ചേക്കേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: