തിരുവനന്തപുരം: ലോകത്തിന്റെ ഏതുഭാഗത്തു നിന്നും കേരളത്തിന്റെ പുതുമയാര്‍ന്ന ദൃശ്യങ്ങളിലേക്കു മിഴിനട്ടിരിക്കാന്‍ ഇനി മൗസോ കീബോര്‍ഡോ ഒന്നും വേണ്ട, വെറും കരചലനങ്ങള്‍ മാത്രം മതി. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് കരചലനങ്ങളിലൂടെ സ്ക്രീനിലെ ദൃശ്യങ്ങള്‍ മാറ്റാന്‍ സാധിക്കുന്ന http://whenitrains.com എന്ന പുതിയ, ആംഗ്യനിയന്ത്രിത വെബ് സൈറ്റിന് കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് രൂപം നല്കി.
കരളത്തിലെ മഴയില്‍ കുതിര്‍ന്ന വഴികളും കായലുകളും മഞ്ഞുനിറഞ്ഞ മലനിരകളും മഴയുടെ സൗന്ദര്യം ആവാഹിച്ച മറ്റ് പ്രകൃതി ദൃശ്യങ്ങളുമാണ് ഈ വെബ്സൈറ്റിലുള്ളത്. വെബ്ക്യാമിനു മുന്നില്‍ കൈചലിപ്പിച്ച് ഇതിലെ ദൃശ്യങ്ങള്‍ മാറ്റാനാകുമെന്നതാണ് സൈറ്റിന്റെ പ്രത്യേകത. രാജ്യത്തെ ടൂറിസം മേഖലയില്‍ ഇത്തരത്തിലൊരു സംരംഭം ഇതാദ്യമാണ്. കേരളത്തിലെ മണ്‍സൂണ്‍ ടൂറിസം പ്രചരണത്തിന്റെ ഭാഗമായിട്ടാണ് കേരള ടൂറിസം ഇത്തരത്തിലൊരു വെബ്സൈറ്റ് തുറന്നത്. കേരള ടൂറിസത്തിന്റെ ഫെയ്സ്ബുക്ക് ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ആണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
കേരളത്തിലേക്കു വരുന്നതിനു മുമ്പുതന്നെ ഇവിടുത്തെ മഴക്കാലത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി കംപ്യൂട്ടറിന്റെയും സ്മാര്‍ട് ഫോണിന്റെയും മുന്നിലിരിക്കുന്നവര്‍ക്ക് തികച്ചും നൂതനമായ ഒരനുഭവം പകരാന്‍ ഈ വെബ്സൈറ്റിലൂടെ സാധിക്കുമെന്ന് കേരള ടൂറിസം സെക്രട്ടറി സുമന് ബില്ല പറഞ്ഞു. സഞ്ചാരികളെ അവരുടെ ലക്ഷ്യസ്ഥാനവുമായി ബന്ധിക്കാനുതകുന്ന ഒന്നായി ആംഗ്യനിയന്ത്രണ (ജെസ്ച്വര്‍ കണ്ട്രോള്) സംവിധാനം പോലുള്ള നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വെബ്സൈറ്റിനു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് കേരളം വാഗ്ദാനം ചെയ്യുന്ന അനവധി അനുഭവങ്ങളിലേക്കുള്ള പുതിയൊരു ചുവടുവയ്പാണ് ആംഗ്യനിയന്ത്രിത വെബ്സൈറ്റെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ ഹരികിഷോര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള കേരളത്തിന്റെ ആരാധകരുടെയും പുതിയ സാങ്കേതികവിദ്യയുടെയും സംയുക്തമാണ് ഈ വെബ്സൈറ്റ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റിലെ സാമൂഹ്യശൃംഖലകള്‍ ഈ വെബ്സൈറ്റിനെ വളരെപ്പെട്ടെന്നു തന്നെ സ്വീകരിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തിയ വെബ്സൈറ്റിന്റെ പ്രചരണാര്‍ഥം ഫെയ്സ് ബുക്കില്‍ ചെയ്ത പോസ്റ്റിന് ഇതിനോടകം എട്ടുലക്ഷത്തോളം വായനക്കാരെ ലഭിച്ചു. 13000 ലൈക്കുകളും 300ല്‍ അധികം ട്വീറ്റുകളും ഈ സൈറ്റിന്റെ ഫെയ്സ് ബുക്ക് പേജിനു ലഭിച്ചു. ഇന്ത്യയിലും വിദേശത്തും ലക്ഷ്യസ്ഥാനങ്ങളെപ്പറ്റി പ്രചരണം നടത്താന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ കേരള ടൂറിസം ഏറെ മുന്നിലാണ്. രാജ്യാന്തര പുരസ്കാരം ലഭിച്ചിട്ടുള്ള കേരള ടൂറിസത്തിന്റെ www.keralatourism.org എന്ന വെബ്സൈറ്റ് ലോകത്തെ തന്നെ ഏറ്റവുമധികം സന്ദര്‍ശകരുള്ള വെബ്സൈറ്റുകളിലൊന്നാണ്. സമീപനാളില്‍ ആഗോളപ്രേക്ഷകര്‍ക്കായി കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് തെയ്യം കെട്ടിയാടുന്നതിന്റെ ദൃശ്യങ്ങള്‍ ഈ വെബ്സൈറ്റ് വഴി ലൈവ് വെബ്കാസ്റ്റ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: