കാസര്‍ഗോഡ്: അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്സ്പ്രസില്‍ നിരവധി യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പാന്ട്രിയില് നിന്നും ഭക്ഷണം കഴിച്ച സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. താനൂര്‍ സ്വദേശി നിസാര്‍, പാലക്കാട് സ്വദേശി സാഹിറ, തിരൂര്‍ സ്വദേശി നിസ്രിയ എന്നിവരാണ് ഗുരുതരനിലയിലുള്ളത്. കാസര്‍ഗോഡ് സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ട് ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി. ഗുരുതരാവസ്ഥയിലായവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്രെയിനില്‍ മോശം ഭക്ഷണമാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തതെന്നാണ് ആരോപണം. ട്രെയിന്‍ മംഗലാപുരത്തെത്തിയപ്പോള്‍ യാത്രക്കാര്‍ സംശയമുന്നയിച്ചെങ്കിലും ഗുരുതരമല്ലയെന്ന നിഗമനത്തില്‍ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.
വെജിറ്റബിള്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വാസ്ഥ്യം രൂക്ഷമായി. തുടര്‍ന്ന് ട്രെയിന്‍ കാസര്‍ഗോഡ് പിടിച്ചിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: