ആലപ്പുഴ:കര്‍ഷക കോണ്‍ഗ്രസ് മുഹമ്മ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസുകാര്‍ അലങ്കോലപ്പെടുത്തി. നേതാക്കളെ മര്‍ദ്ദിച്ചു; കസേരകള്‍ അടിച്ചു തകര്‍ത്തു. സമ്മേളനം ആരംഭിച്ചതോടെ പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മേളന വേദിയായ റോസ് ബില്ഡിങ്ങ്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. നേതാക്കള്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. അവാര്‍ഡ് വാങ്ങാനെത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു.
ഇരുപത്തിയഞ്ചോളം കസേരകള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലിത്തകര്‍ത്തു. നിലവിളക്കും ഒടിച്ചു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പട്ടാറ, പി.എസ്.സിജില്‍, സജീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചുവിട്ടത്. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസ് നല്കി. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നെങ്കിലും മന്ത്രി ചടങ്ങിനെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: