മരട്: നഗരസഭയുടെ കീഴിലുള്ള ശാന്തിവനം പൊതുശ്മശാനത്തിന്റെ ശോചനീയാവസ്ഥക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ബിജെപി മരട് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മരട് നഗരസഭാ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ശ്മശാനത്തില്‍ സംസ്കരിക്കാനായികൊണ്ടുവന്ന മൃതശരീരങ്ങള്‍ പാതി ദഹിച്ചനിലയില് കണ്ടെത്തിയ സംഭവത്തിലായിരുന്നു പ്രതിഷേധം. സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹങ്ങളെ അപമാനിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നടപടിയാണ് നഗരസഭാ ചെയര്‍മാനും ഭരണാധികാരികളും സ്വീകരിച്ചതെന്ന് നഗരസഭാ ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ പറഞ്ഞു.
ശ്മശാനത്തെ തകര്‍ക്കുവാനുള്ള ഗൂഡനീക്കത്തില്നിന്നും നഗരസഭയും കൗണ്‍സിലറും പിന്മാറണമെന്നും ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന ഭരണാധികാരികളുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ബിജെപി മുന്നറിയിപ്പുനല്‍കി.
പ്രതിഷേധയോഗത്തില്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് വി.ആര്.ശശി അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കെ.കെ.മേഘനാഥന്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്.സുബീഷ്, പി.എല്‍.വിജയന് (ബിഎംഎസ്), മണ്ണൂര്‍ മോഹനന് (ഹിന്ദുഐക്യവേദി) തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.നന്ദനന്‍ നന്ദി പറഞ്ഞു.
ശ്മശാനത്തിനെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ഇടതു സംഘടനകളും പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ കുറച്ചുകാലമായി പൊതുശ്മശാനം മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കരാറുകാരനും, ശ്മശാനം നടത്തിപ്പുകാരനും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ വീഴ്ചവരുത്തിയിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: