500 വര്‍ഷം പഴക്കമുള്ള കഥയാണിത് വെറും പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള ഇന്‍കാന്‍ പെണ്‍കുട്ടിയുടെത്. സാധാരണ പെണ്‍കുട്ടികളെപ്പോലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും, പിണക്കങ്ങളും അവള്‍ക്കും ഉണ്ടായിരുന്നിരിക്കാം. ലാഡോന്‍സില എന്നാണ് അവളുടെ ഓമനപ്പെര്. അവള് വെളുത്തിട്ടാണോ സുന്ദരിയാണോ? ഉയരം, അവള്‍ക്ക് പ്രണയം ഉണ്ടായിരുന്നോ ഉണ്ടെങ്കില്‍ ആ ചെറുപ്പക്കാരന്.. എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ലാഡോന്സിലയോട് ചോദിക്കണമെന്നുണ്ട്. പക്ഷേ അവള് ഇപ്പോഴും ഉറങ്ങുകയാണല്ലോ!
പതിനഞ്ചാം വയസ്സില്‍ ലാഡോന്‍സിലയുടെ സ്വന്തം സമുദായമായ ഇന്കാന്മാര് അവളെ ബലികൊടുക്കുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 22,000 അടി ഉയരത്തിലുള്ള അര്‍ജന്റീനയിലെ ലുല്ലൈലാക്കോ പര്‍വതത്തിന് മുകളിലെത്തിച്ചായിരുന്നു ആ പെണ്‍കൊടിയെ ബലി നല്‍കിയത്. ദുരാചാരങ്ങള്‍ നിലനിന്നിരുന്ന ഇന്‍കന്‍ സംസ്ക്കാരത്തില്‍ കുട്ടികളെ കുരുതി കഴിക്കുന്ന രീതി നിലനിന്നിരുന്നു. പര്‍വതത്തിനു മുകളിലെ തണുത്ത് വിറങ്ങലിക്കുന്ന കാലാവസ്ഥയില്‍ കുരുതി നല്കിയ പെണ്‍കുട്ടിയുടെ മൃതദേഹത്തെ ഈജിപ്റ്റിലെ മമ്മിക്ക് സമാനമായാണ് സംസ്കരിക്കുന്നത്.
ഇത്തരം കുരുതികളെ കാപാകൊച്ച എന്നാണ് ഇന്കാന്മാര് പറയുന്നത്. ഉള്ളതില്‍ ഏറ്റവും ശുദ്ധമായ പദാര്‍ത്ഥം എന്ന പേരിലാണത്രേ കുഞ്ഞുങ്ങളെ ബലി നല്കിയിരുന്നതിനു അവര്‍ നല്കുന്ന വിശേഷണം. കൂട്ടമായി താമസിക്കുന്ന ഇവര്‍ ഗ്രാമത്തിന്റെ സമീപത്തുള്ള ഏറ്റവു ഉയര്‍ന്ന പര്‍വ്വതത്തിന്റെ മുകളില്‍ വച്ചായിരിക്കും ബലി നല്‍കുക. ഇവര്‍ തങ്ങളുടെ ഗ്രാമത്തെ പകര്‍ച്ച വ്യാധികളില്‍ നിന്നും മറ്റാപത്തുകളില്‍ നിന്നും സംരക്ഷിക്കുമെന്നാണ് വിശ്വാസം. ബലിനല്കുന്ന അവസാന കാലത്ത് പെണ്‍കുട്ടിക്ക് നല്ല ഭക്ഷണങ്ങളും മദ്യവും നല്‍കിയിരുന്നു. വിഷം നല്‍കിയാണ് കൊല്ലുകയെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അനുമാനം. അന്നു ഉറങ്ങാന്‍ കിടന്നവള്‍ ഇന്നുവരെ ഉറക്കമുണര്‍ന്നില്ല, ഇന്നും ഉറങ്ങിക്കൊണ്ടേയിരിക്കുന്നു. ഏതായാലും കഥയിങ്ങനെ പോകുന്നു നമുക്ക് കാര്യത്തിലേക്കു വരാം.
അര്‍ജന്റീനയും പെറുവും സംയുക്തമായ പര്യവേഷണത്തിലാണ് 1997 ല്‍ പുരാവസ്തു ഗവേഷകര്‍ ലാഡോന്സിലയെന്നു പറയുന്ന ഇന്‍കാന്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്. 500 വര്‍ഷം പഴക്കമുള്ള മഞ്ഞില്‍ ഉറഞ്ഞു കിടന്ന നിലയിലാണ് ശരീരം. ആഴ്ച്ചകള്‍ക്ക് മുമ്പാണ് ലാഡോന്‍സിലയുടെ ആന്തരാവയവങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് ശാസ്ത്രഞ്ജന്മാര് ഞെട്ടിയത്. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് മരിച്ചയാളുടെ ആന്തരിക അവയവങ്ങള്‍ പോലെയായിരുന്നു 500 വര്‍ഷം മുമ്പ് മരണപ്പെട്ട പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളും. പെണ്‍കുട്ടിയുടെ കരളിലും, ഞരമ്പുകള്‍ക്കുള്ളിലും മറ്റ് ആന്തരിക അവയവങ്ങളിലും രക്തം കാണപ്പെട്ടതാണ് ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തിയത്. എക്സ്-റെയുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അവയവങ്ങള്‍ ഒന്നും തന്നെ നശിച്ചു പോയിട്ടുമില്ല. തുടര്‍പരിശോധനയില്‍ പെണ്‍കുട്ടിയുടെ മരണകാരണം അണുബാധമൂലമാണെന്നും ഇപ്പോഴും ശരീരത്തിനുള്ളില്‍ ആ അണുക്കളുടെ സാന്നിധ്യം ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനത്തിനു വിധേയമാക്കിയാല്‍ പുതിയ രോഗങ്ങള്‍ തടയുന്നതിനും പഴയരോഗങ്ങളിലേക്ക് വെളിച്ചം വീശുമെന്നും കരുതുന്നു.
ശാസ്ത്രജ്ഞന്മാര് ലാഡോന്സിലയെന്ന പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍ തണുത്തുറഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. ഇന്‍കാന്‍ സമുദായത്തിന്റെ പാരമ്പര്യ വേഷമാണ് പെണ്‍കുട്ടി അണിഞ്ഞിരുന്നത്. കേടുപാടുകളില്ലാത്ത തലമുടി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി അവസാനമായി കഴിച്ച ആഹാരം എന്തെന്ന് വ്യക്തമായി. ഈജിപ്റ്റിലെ മമ്മികളെ സൂക്ഷിക്കുന്നതിനേക്കാള്‍ വളരെ സുരക്ഷിതമായും കേടുകൂടാതെയും ഉയര്‍ന്ന സംവിധാനത്തിലുമാണ് മമ്മി ഇന്കാന്മാര് സൂക്ഷിച്ചിരുന്നത്. പതിനഞ്ചു വയസുള്ള മമ്മിയോടൊപ്പം പന്ത്രണ്ടു വയസ്സുകള്‍ ഉള്ള 2 മമ്മികളെയും കണ്ടെത്തിയിരുന്നു.
എന്തായാലും അന്ന് ആഗ്രഹിക്കാതെ ഈ സുന്ദരലോകത്തില്നിന്ന് തന്നെ പറഞ്ഞയക്കാനൊരുങ്ങുമ്പോള്‍ വിശ്വസിക്കുന്ന ദൈവങ്ങളെ വിളിച്ച് അവള് ഉള്ളുരുകി കരഞ്ഞിരുന്നേക്കാം. അതുകൊണ്ടാവും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും അന്നുറങ്ങാന്‍ കിടന്നപോലെ അവള് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടെയുണ്ടായിരുന്നവരുടെ വംശാവലി വേരറ്റു പോയിട്ടും ശാസ്ത്രത്തിനെയും കാലത്തേയും അതിശയിപ്പിച്ച് ലാഡോന്‍സില 500 വര്‍ഷങ്ങള്‍ക്ക് ശേഷവും ഭൂമിയിലെ തന്റെ സാന്നിധ്യമറിയിക്കുന്നത്…
എസ്. ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: