അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ചീയപ്പാറക്കുത്തിനു സമീപം ഞായറാഴ്ച രാത്രിയില്‍ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാന്‍ നാടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ വെളുപ്പിനുതന്നെ ശ്രമങ്ങള്‍ ആരംഭിച്ചു. ഒരു അഞ്ചു മിനിറ്റുകൂടി മതിയായിരുന്നു അവരുടെ പ്രവര്‍ത്തനം സഫലമാകാന്‍. എന്നാല്‍ കൃത്യം 9.50-ന് ഉദ്ദേശം നാനൂറ് അടി ഉയരത്തില്‍നിന്ന് ഒരു മലമുഴുവന്‍ അലറിക്കരഞ്ഞുകൊണ്ട് അവര്‍ക്കു നേരേ പാഞ്ഞടുക്കുന്നതു കണ്ട് നാട്ടുകാര്‍ പ്രാണനും കൊണ്ട് ഓടി.
അടിമാലി ഭാഗത്തുനിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ഇവിടെയെത്തിയ വാഹനങ്ങളിലെ ആളുകളും സുരക്ഷിത മേഖലയിലേക്ക് പാഞ്ഞു. 9.55 ഓടെ മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് വന്നു തുടങ്ങി-“ചീയപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍: നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ പെട്ടുവെന്നു സംശയം.”
ചാനലുകള്‍ പുറത്തുവിട്ട “സംശയ വാര്‍ത്ത”യെ തുടര്‍ന്ന് ഇടുക്കിയാകെ പരിഭ്രാന്തമായി. ഇതിനിടയില്‍ മൊബെയില്‍ ഫോണ്‍ സംവിധാനങ്ങളും പാതി വിറങ്ങലിച്ചു. രാവിലെ യാത്രപോയ ഉറ്റവരെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തവര്‍ ആകെ അങ്കലാപ്പിലായി. മഴയും തകര്‍ത്തു പെയ്തുകൊണ്ടിരുന്നു. പലരും അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ആശുപത്രി പരിസരമാകെ ഉതക്ണ്ഠയുടെ മുള്‍മുനയില്‍. ശ്മശാന മൗനം ഉണ്ടാക്കിയ ഭയാനകത. ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞവരുടെ മുഖത്ത് ആശ്വാസം. ഉറ്റവരെ കണ്ണില്‍ പെടാത്തവര്‍ക്ക് ആകെ വെപ്രാളം.
ഇതിനിടയില്‍ സംഭവത്തിന്റെ ദൃക്സാക്ഷികളില്‍ ചിലരും ചാനല്വാര്ത്തകള്ക്ക് അടിവരയിട്ടു. പത്തിലധികം വാഹനങ്ങളും അമ്പതിലധികം ആളുകളും മണ്ണിനടിയില്‍ പെട്ടിരിക്കാം. കൂടാതെ ഒരു അന്യ സംസ്ഥാന ടൂറിസ്റ്റു ബസില്‍ മൂന്നാറില്‍നിന്നും ഇവിടെ എത്തിയവരെ പിന്നീടു കണ്ടിട്ടില്ലെന്നും ഇവര്‍ സംശയം പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ സ്ഥലത്തെ ഒരു കച്ചവടക്കാരനും ഈ സംഭവം സ്ഥിരീകരിച്ചു.
ആശങ്ക ഹിമാലയത്തോളം ഉയര്‍ന്ന നിമിഷങ്ങള്‍. പ്രാദേശിക ഭരണകൂടവും നാട്ടുകാരും ദേവികുളം ആര്‍ഡിഒയും ചേര്‍ന്ന് ഇത്രയധികം മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷല താലൂക്ക് ആശുപത്രിയിലെ മോര്ച്ചറിക്കുണ്ടോ എന്നു വിലയിരുത്തി. തുടര്‍ന്ന് മോര്‍ച്ചറിയോടു ചേര്‍ന്ന് മൃതദേഹങ്ങള്‍ കിടത്താന്‍ പ്രത്യേകം പന്തല്‍ തയ്യാറാക്കാന്‍ വളരെ കുറച്ചു സമയമേ വേണ്ടി വന്നുള്ളു, 11 മണിയോടെ തയ്യാര്‍. ആശുപത്രിയുടെ ഒരു വാര്‍ഡ് മുഴുവനായും ഒഴിപ്പിച്ച് മൃതദേഹങ്ങള്‍ കിടത്താനും പോലീസ് നടപടികള്‍ക്കുമായി പ്രത്യേക സൗകര്യമുണ്ടാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആരോഗ്യ വകുപ്പു ജീവനക്കാരും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും സര്‍വ സജ്ജീകരണങ്ങളുമായി കാത്തിരുന്നു.
മരണ സംഖ്യ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാകുമെന്ന് പിന്നെയും വാര്‍ത്ത പരന്നു. ആശുപത്രിയിലും പരിസരത്തും രാത്രിയിലും വെളിച്ചം കിട്ടുന്നതനുള്ള സൗകര്യമൊരുക്കി. ആശുപത്രിയില്‍തന്നെ കണ്ട്രോള് റൂം തുറന്നു.
അതിനിടെ ടൗണില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍ക്കായി അനൗണ്‍സ്മെന്റ് നടന്നു, ” ദുരന്തഭൂമിയില്‍നിന്നും പരിക്കേറ്റവരേയും കൊണ്ടെത്തുന്ന ആംബുലന്‍സുകള്‍ക്കും മറ്റു വാഹനങ്ങഹക്കും കടന്നു പോകുന്നതിനായി എല്ലാവരും റോഡില്‍നിന്നു വശങ്ങളിലേക്കു മാറിനില്‍ക്കേണ്ടതാണ്….”
ഇതിനിടിയില്‍ ആശുപത്രിയിലെ ഭിത്തിയില്‍ വലിയ ബോര്‍ഡില്‍ അതുവരെ മരിച്ച മൂന്നു പേരുടെയും പേരുകളും നിരന്നു. ബോര്‍ഡിനു താഴെക്ക് ഇനിയും പേരുകള്‍ ചേര്‍ക്കാന്‍ പാകത്തില്‍ ഒഴിച്ചിട്ടിരുന്ന സ്ഥലം കാഴ്ചക്കാര്‍ക്ക് നെഞ്ചിടിപ്പു കൂട്ടി. ആരുടെയാകാം ഇനി വരുന്ന പേരുകള്‍….
അവിടെ ദുരന്തഭൂമിയില്‍ അതിനകം 10 ജെസിബി, അഞ്ച് ഹിറ്റാച്ചി മെഷിനുകള്‍, ടിപ്പര്‍ ലോറികള്‍ എന്നിങ്ങനെ മണ്ണുമാറ്റല്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായിരുന്നു. മണ്ണുമാറ്റല്‍ ദ്രുത ഗതിയില്‍ നടന്നു. ഉച്ചതിരിഞ്ഞതോടെ ഇടക്ക് ഒന്നു ശമിച്ച പെരുമഴ വീണ്ടും. ആശങ്ക വീണ്ടും ഉയരുന്നു. ആറുമണിയോടെ ഒരു ജെസിബി ഓപ്പറേറ്ററുടെ ഫോണ്‍കോള്‍.. ” മുക്കാല്‍ ഭാഗം മണ്ണും മാറ്റിക്കഴിഞ്ഞു, ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗം ഞങ്ങള്‍ ക്ലിയര്‍ ചെയ്തു. ഇനി പേടിക്കാനില്ലെന്നു തോന്നുന്നു…” വീണ്ടും സംശയത്തിന്റെ സാധ്യതകള്‍ അവശേഷിച്ചെങ്കിലും ആ ഫോണ്‍ സന്ദേശം ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഏറെ അയവു വരുത്തി. ആ വാര്‍ത്ത പെട്ടെന്നു പരന്നു.
അപ്പോഴേക്കും മന്ത്രിമാരില്‍ ചിലരും അടിമാലിയിലെത്തി. പിന്നെ അവര്‍ക്കു കുടപിടിക്കാനുള്ള ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും. അതിനിടെ “ഇനിയൊന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ തിങ്ങിക്കൂടിയ ജനങ്ങളില്‍ വലിയൊരു പങ്കും ഏഴുമണിയോടെ സമാധാനിച്ചു തിരിച്ചു പോകുമ്പോള്‍ ഇരുട്ടു വീണു തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: