തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ഫലമുണ്ടാകാതിരിക്കുകയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഉമ്മന്‍ചാണ്ടിയാണെന്ന നിലപാട് ശക്തമാക്കുകയാണ് ഐ ഗ്രൂപ്പ്. പ്രശ്നങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റ തലയില്‍ കെട്ടിവച്ച് ചര്‍ച്ചകളെ വിവാദമാക്കുകയും ഗ്രൂപ്പ് വൈരത്തിന് വഴിയൊരുക്കുകയും ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന നിലപാട് സോണിയ ഉള്‍പ്പടെ കേന്ദ്രനേതൃത്വത്തിനുമുണ്ട്. പ്രശ്നങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാതെ ദല്‍ഹിയിലേക്കു വരികയും എല്ലാം തീരുമാനിക്കേണ്ടത് ഹൈമാന്റാണെന്ന് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തതില്‍ ഉമ്മന്‍ചാണ്ടിയോട് സോണിയയ്ക്ക് അതൃപ്തിയുണ്ട്. എ ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ ഹൈക്കമാന്റിനെ കൊണ്ട് ഐ ഗ്രൂപ്പിനുമേല്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയതെന്നുള്ള വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. തനിക്കുള്ള അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷ, എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് നല്‍കാനാകില്ലെന്ന നിലപാട് എ ഗ്രൂപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഉപമുഖ്യമന്ത്രി സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലീംലീഗും വ്യക്തമാക്കിയിരുന്നു. ഈ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിനുള്ള ചര്‍ച്ചകളുമായി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലെത്തിയത്. പ്രശ്നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്രനേതൃത്വത്തിന്റെ തലയില്‍ കെട്ടിവച്ച് ചെന്നിത്തലയെ ഒരു സാദാമന്ത്രിയായി മന്ത്രിസഭയിലേക്കെത്തിക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. എല്ലാം ഹൈക്കമാന്റ് തീരുമാനിച്ചതാണെന്ന് പറയുകയും ചെയ്യാം.
മന്ത്രിസഭയിലേക്കില്ലെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം ഉമ്മന്‍ചാണ്ടിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ചെന്നിത്തലയുടെ ഉറച്ച നിലപാട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ അംഗീകരിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പുനഃസംഘടനാ ശ്രമവും കണക്കുകൂട്ടലുകളും പാളി. ഉമ്മന്‍ചാണ്ടിയുടെ പാളിയ തന്ത്രം തിരിച്ചറിഞ്ഞ കേരളത്തിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ ചെന്നിത്തലയ്ക്കുവേണ്ടി പ്രസ്താവനയുമായി രംഗത്തെത്തി. പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഇനിയങ്ങോട്ട് അതുണ്ടാകില്ലെന്ന് ഉറപ്പാണ്. അത്തരം സൂചനകളാണ് ഐ, എ ക്യാമ്പുകളില്‍ നിന്നുണ്ടാകുന്നത്.
അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സിനെതിരെ തിരിഞ്ഞിട്ടുണ്ട്. പുനഃസംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സം നിന്നിട്ടില്ലെന്നാണ് മുസ്ലീംലീഗിന്റെയും കേരളാകോണ്‍ഗ്രസ് എം ന്റെയും നിലപാട്. പ്രശ്നങ്ങള്‍ വഷളാക്കിയത് ഹൈക്കമാന്റാണെന്ന് മുസ്ലീംലീഗ് പരസ്യപ്രസ്താവനയും നടത്തി. ലീഗ് ഉപാധികള്‍ വച്ചെന്ന വാര്‍ത്ത തെറ്റിധാരണ പരത്താനാണെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദ് വ്യക്തമാക്കി. രമേശിന് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കാമായിരുന്നെന്നും മജീദ് പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ ആടിയുലഞ്ഞു നില്ക്കുന്ന സര്‍ക്കാര്‍ പുനഃസംഘടന നടത്തി മുഖംമിനുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സോളാറില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: