തിരുവനന്തപുരം: സോളാര്‍ കേസില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി നിന്ന് സരിതയെ മര്‍ദ്ദിച്ച് മൊഴി മാറ്റിപറയിക്കുകയായിരുന്നുവെന്ന് മുന്‍മന്ത്രി എം.വിജയകുമാര്‍. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നസീറ ബീവി, അവരുടെ ബന്ധുവായ റിട്ട. ഐജി ബദറുദ്ദീന്‍, ജെയില്‍ അഡ്മിന്‍സ്ട്രേഷന്‍ ഡിഐജി ഗോപകുമാര്‍ എന്നിവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സര്‍ക്കാരിനും വേണ്ടി ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് അനുകൂല മൊഴി സരിതയെകൊണ്ട് നല്‍കിക്കാന്‍ മൂന്ന് വനിതാ ജയില്‍വാര്‍ഡന്മാരെ പ്രത്യേകമായി നിയോഗിച്ചു. അനുകൂലമായി സംസാരിക്കാന്‍ തയ്യാറാകാതിരുന്ന സരിതയെ ഈ മൂന്ന് വാര്‍ഡന്മാര്‍ മര്‍ദിച്ചിട്ടുണ്ട്. സരിതയെ വൈദ്യ പരിശോധനക്ക് വിധേയയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാര്‍ കേസ് അന്വേഷണത്തിനായി സര്‍ക്കാര്‍തല നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രത്യേക ജൂണ്‍ 23 ന് ചെങ്ങന്നൂരില്‍വെച്ച് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
സരിതയുടെ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തിയത് അന്വേഷണ സംഘത്തിലുള്ള പെരുമ്പാവൂര്‍ ഡിവൈ എസ് പി ഹരികൃഷണനാണ്. മുഖ്യമന്ത്രി, സ്റ്റാഫ് അംഗങ്ങള്‍, ആഭ്യന്തരമന്ത്രി, ഒരു കേന്ദ്ര സഹമന്ത്രി എന്നിവര്‍ക്കെതിരെയാണ് അന്ന് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി കേസ് ഡയറിയിലില്ല. സരിത കോടതിയില്‍ ഇക്കാര്യം പറഞ്ഞാല്‍ അപ്പോള്‍ കേസ് ഡയറിയുടെ ഭാഗമാക്കാമെന്നാണ് തിരുവഞ്ചൂര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയത്. ഈ ചോദ്യം ചെയ്യലിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന്റെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെയും കൈവശമുണ്ട്. തന്നെ രക്ഷിക്കാമെന്നുള്ള മന്ത്രിമാരുടെ ഉറപ്പ് പാലിക്കപ്പെടാതെ വന്നപ്പോഴാണ് 23 ന് നടത്തിയ ചോദ്യം ചെയ്യലില്‍ സരിത അന്വേഷണ സംഘത്തിനോട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.
തനിക്ക് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞ് സരിത മജിസ്ട്രേറ്റിനോട് പറഞ്ഞ കാര്യങ്ങള്‍ ജീവന് ഭീഷണി ഉള്ളതിനാലാണ്. ഇത്തരം മൊഴി മരണമൊഴിയായി കണക്കാക്കി രേഖപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ഘടക വിരുദ്ധമായി പ്രവര്‍ത്തിച്ച എറണാകുളം എസിജെഎം അഴിമതിക്ക് കൂട്ട് നില്‍ക്കുകയാണ് ചെയ്തത്. അത്തരത്തില്‍ അദ്ദേഹവും കേസിലെ കൂട്ടുപ്രതിയാണ്. സരിതയെ അട്ടക്കുളങ്ങര ജയിലിലെത്തിയശേഷം എടുത്ത മൊഴി ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരിശോധിച്ചശേഷമാണ് നല്‍കിയത്. സര്‍ക്കാരിനെതിരെ സരിത ഒന്നും പറയില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രി ഇടപെട്ടു. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചത് ജെയില്‍ സൂപ്രണ്ടിന്റെ ബന്ധുമായ റിട്ട. ഐജി ബദറുദ്ദീനെയാണ്. ജെയില്‍ സൂപ്രണ്ടും അഡ്മിന്‍സ്ട്രേഷന്‍ ഡിഐജിയും ഇടനിലക്കാരയതോടെ സരിതയുടെ മൊഴി വേഗത്തില്‍ മാറ്റിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. മൊഴിമാറ്റിക്കാന്‍ ജെയിലില്‍ ഇടനിലക്കാരായവര്‍ക്കെതിരെയും കേസെടുക്കണമെന്നും എം.വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: