കാസര്‍കോട്: രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കാസര്‍കോട് വെടിവയ്പ്പില്‍ മൂന്നര വര്‍ഷത്തിനുശേഷം സിബിഐ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ കാസര്‍കോട്ടും പരിസര പ്രദേശങ്ങളും നിരോധനാജ്ഞയ്ക്കുള്ളിലാണെന്നത് യാദൃശ്ചികമാകാം. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടുന്ന വര്‍ഗ്ഗീയ സാഹചര്യങ്ങളും കാസര്‍കോട് കലാപവും യാദൃശ്ചികമല്ല. ആസൂത്രിതമായി അരങ്ങേറുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ആരെന്നതിന്റെ വ്യക്തമായ ഉത്തരമാണ് സിബിഐ ഇന്നലെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. സ്വയരക്ഷയ്ക്കും സഹപ്രവര്‍ത്തകരുടെ ജീവനും വേണ്ടി എസ്പിയായിരുന്ന രാംദാസ് പോത്തന് വെടിവെയ്ക്കേണ്ടി വന്നത് അനിവാര്യമായിരുന്നുവെന്ന സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് സര്‍ക്കാറിനും ലീഗിനും തിരിച്ചടിയാണ്. രാംദാസ് പോത്തന് തെറ്റുകാരനല്ലാത്ത സാഹചര്യത്തില്‍ കലാപത്തെക്കുറിച്ചും ലീഗിന്റെ പങ്കിനെക്കുറിച്ചുമുള്ള അന്വേഷണത്തിന്റെ ആവശ്യകതയും ഏറുകയാണ്.
കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന്റെ മറവിലാണ് കാസര്‍കോട് 2009 നവംബര്‍ 15ന് മതതീവ്രവാദ സംഘത്തിന്റെ ഭീകരത അരങ്ങേറിയത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്തുള്ള അമേയ് കോളനിയില്‍ ഇരച്ചെത്തിയ സംഘം ഗുളികന് തറയും ഭജനമന്ദിരവും തകര്‍ത്തു.
കോളനിവാസികള്‍ക്കും വീട്ടുകള്‍ക്കും നേരെ അക്രമം നടത്തിയ ശേഷം തെരുവുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രകടനമായി സംഘം മുന്നേറി. ഹൈന്ദവ വിഭാഗത്തെ ലക്ഷ്യം വെച്ച് കടകളുടേയും ബസ്സുകളുടേയും പേരുകള്‍ നോക്കിയാണ് പിന്നീട് അക്രമം അരങ്ങേറിയത്. തുടക്കത്തില്‍ കാഴ്ചക്കാരായി നിന്ന പോലീസ് ഇടപെടുമ്പോഴേക്കും ഏറെ വൈകിയിരുന്നു. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. സ്ഥലത്തെത്തിയ അന്നത്തെ എസ്പി രാംദാസ് പോത്തനുനേരെ നൂറുകണക്കിനാളുകള്‍ തിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എസ്പി നിറയൊഴിക്കുന്നതും ഒരു ലീഗ് പ്രവര്ത്തകന് കൊല്ലപ്പെടുന്നതും.
കലാപ സംഭവങ്ങള്‍ മൂടിവെയ്ക്കാന്‍ എസ്പിയുടെ നടപടിക്കെതിരെ പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് ഒന്നടങ്കം രംഗത്തെത്തി. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ആവശ്യപ്രകാരം ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ ലീഗ് നേതാക്കള്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ തെളിവുകള്‍ നിസാര്‍ കമ്മീഷന് ലഭിച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷന് പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തിലാണ് ഇപ്പോള്‍ നേരറിഞ്ഞിരിക്കുന്നത്.
കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: