കരുനാഗപ്പള്ളി : ഗുരുശിഷ്യബന്ധത്തിന്റെ ഏറ്റവും പ്രധാനദിനമായ ഗുരുപൂര്‍ണ്ണിമാദിനത്തില്‍ ഇടക്കുളങ്ങര ഗ്രാമം ജ്ഞാനക്ഷേത്രം ഗുരുദക്ഷിണയായി സമര്‍പ്പിച്ച് ഗുരുവിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തി. ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇടക്കുളങ്ങരയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് പണികഴിപ്പിച്ച ജ്ഞാനക്ഷേത്രത്തിന്റെ ഉദ്ഘാടനം ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ സ്കൈപ്പിലൂടെ പ്രത്യക്ഷപ്പെട്ട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കാനഡയില്‍നിന്നും 7.30ന് സ്കൈപ്പില്‍ പ്രത്യക്ഷപ്പെട്ട് പുഞ്ചിരിതൂകി എല്ലാവര്ക്കും സുഖമാണോ എന്ന് ചോദിച്ച്. ക്ഷേത്രം സ്കൈപ്പിലൂടെ കണ്ട ഗുരുജി മനോഹരമായിരിക്കുന്നു എന്നും എല്ലാവരും എല്ലാ ദുഃഖവും ഇവിടെ സമര്‍പ്പിച്ചുവേണം മടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മിനിട്ട് നീണ്ടുനിന്ന മുഖാമുഖത്തില്‍ ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുകയും ജ്ഞാനക്ഷേത്രം ദര്‍ശിക്കാന്‍ ഞാന്‍ വരുമെന്ന് വാക്കുനല്കി. സ്റ്റേജിലിരിക്കുന്നവരോട് അടുത്തമാസം 15ന് കാലടിയില്‍ നടക്കുന്ന പരിപാടികളുടെ ക്രമീകരണം എവിടംവരെയായി എന്ന് ചോദിക്കുവാനും അദ്ദേഹം മറന്നില്ല.
തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സ്വാമി ജ്യോതിര്മായാജി അനുഗ്രഹപ്രഭാഷണം നടത്തി. ജീവനകലാ പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന സുദിനമാണ് ഇന്ന്, കേരളത്തിലും അതുവഴി ഭാരതത്തിനും അഭിമാനിക്കാം.
ക്ഷേത്രസമര്പ്പണത്തിലൂടെ ഇടക്കുളങ്ങര എന്ന ഗ്രാമത്തെ ലോകത്തിന്റെ നിറുകയിലെത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതോടെ ഭക്തരുടെ ഭക്തിയും ശക്തിയും ലോകത്തിന്റെ നിറുകയിലെത്തിക്കാന്‍ ഭക്തര്‍ക്ക് കഴിഞ്ഞതായും അഭിപ്രായപ്പെട്ടു. യോഗത്തില്‍ സീനിയര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍ ഗിരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സാഹിത്യകാരന് ഡോ: എം. എം. ബഷീര്‍, അപ്പെക്സ് ബോഡി ചെയര്മാന് വി. ആര്. ബാബുരാജ്, ബാംഗ്ലൂര്‍ ആശ്രമം വിനോദ് മേനോന്, സ്റ്റേറ്റ് ടീച്ചേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ക്കുമാര്‍, ജില്ലാ ടീച്ചേഴ്സ് കോ-ഓഡിനേറ്റര്‍ എന്‍. വിജയന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് മണ്ണേല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. യോഗത്തിന് പാലക്കോട്ട് ബില്‍ഡേഴ്സ് എം. ഡി. പി. എന്‍. സുരേഷ് സ്വാഗതവും ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍ വീണാതരംഗ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: