ലണ്ടന്‍: ആസ്ട്രേലിയന്‍ ടീമിന് മുന്‍ നായകന്‍ അലന്‍ ബോര്‍ഡറുടെ രൂക്ഷ വിമര്‍ശനം. പ്രത്യേകിച്ചും മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്ക്. ഇവരെക്കാള്‍ എന്തുകൊണ്ടും ഭേദമാണ് വാലറ്റത്തെ കളിക്കാരെന്നാണ് ബോര്‍ഡര്‍ വിശേഷിപ്പിച്ചത്. ആള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ് നേരെയും ബോര്‍ഡര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബാറ്റിംഗില്‍ ബാറ്റ്സ്മാന്മാര്‍ കാണിക്കേണ്ട മികവ് സത്യത്തില്‍ ആസ്ട്രേലിയയുടെ ബൗളര്‍മാരാണ് പ്രകടിപ്പിക്കുന്നതെന്നും ബോര്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.
ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ ദയനീയ പരാജയം ഏറ്റുവാങ്ങിയതാണ് ബോര്‍ഡറെ പ്രകോപിപ്പിച്ചത്. ആദ്യ ടെസ്റ്റില്‍ 14 റണ്‍സിന് പരാജയപ്പെട്ട ഓസ്ട്രേലിയ 347 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് രണ്ടാം ടെസ്റ്റില്‍ നേരിട്ടത്. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ പരാജയമാണ് തോല്‍വിക്ക് പ്രധാന കാരണം. രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒരു ഓസീസ് താരത്തിനുപോലും സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല എന്നതും ബോര്‍ഡറെ കുപിതനാക്കി.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1984ല്‍ ആസ്ട്രേലിയന്‍ ടീം കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. അക്കാലത്താണ് ബോര്‍ഡര്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് വരുന്നത്. ബോര്‍ഡറിന്റെ നേതൃത്വത്തില്‍ ടീം മികച്ച കരിയറാണ് വളര്‍ത്തിക്കൊണ്ടുവന്നത്.
ലോര്‍ഡ്സില്‍ കഴിഞ്ഞ നാല് ദിവസം ആസ്ട്രേലിയന്‍ താരങ്ങള്‍ നടത്തിയ ബാറ്റിംഗ് പ്രകടനത്തെ ബോര്‍ഡ് രൂക്ഷമായാണ് കുറ്റപ്പെടുത്തിയത്. ആദ്യ ആറുപേരുടെ ബാറ്റിംഗ് പ്രകടനമാണ് ഞങ്ങള്‍ ഏറെ വിലമതിച്ചിരുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്സ്മാന്മാര്‍ മുന്‍നിരക്കാരേക്കാള്‍ മികച്ചവരാണെന്ന് മനസ്സിലായി. ക്രിക്കറ്റ് ആസ്ട്രേലിയയ്‌ക്ക് അയച്ച കുറിപ്പില്‍ ബോര്‍ഡര്‍ വ്യക്തമാക്കി. ആദ്യ മൂന്നില്‍ താന്‍ ഉണ്ടായിരുന്നതെങ്കില്‍ തീര്‍ച്ചയായും വിഷമിച്ചേനെ. ഏറ്റവും മികച്ച 11 പേരെ അണിനിരത്തി അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാവുന്ന 11 പേരെ കണ്ടെത്തി ഉറപ്പിച്ചു നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ 11 പേരില്‍ വാട്സണ്‍ ഉണ്ടാകണമോ എന്ന കാര്യത്തില്‍ തര്‍ക്കം കൂടി വരികയാണ്. വാട്സണാകട്ടെ ഓരോ ഇന്നിംഗ്സിലും മുമ്പത്തെ തെറ്റ് ആവര്‍ത്തിക്കുന്നു. മൂന്നാമതും വിക്കറ്റിന് മുന്നില്‍ കുടുങ്ങി വാട്സണ്‍ പുറത്തായപ്പോള്‍ തെറ്റ് ആവര്‍ത്തിക്കുന്നതായാണ് മനസ്സിലാകുന്നത്. എത്ര മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളയാളാണ് വാട്സണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് എന്ത് സംഭവിച്ചെന്ന് മനസ്സിലാകുന്നില്ല. ഒരു കളിക്കാരന്‍ ഒരേ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരം പരിശീലകന്മാരെയോ മനശ്ശാസ്ത്രജ്ഞന്മാരെയോ കായിക ശാസ്ത്രജ്ഞന്മാരെയോ സമീപിച്ചിട്ട് കാര്യമില്ലെന്നും ബോര്‍ഡര്‍ എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
ഷെയ്ന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനാകുന്നതാണോ ആറാമത് ഓള്‍ റൗണ്ടറായി ഇറങ്ങുന്നതാണോ നല്ലതെന്ന് നമ്മള്‍ ചിന്തിക്കണം. എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബോര്‍ഡര്‍ ആവശ്യപ്പെട്ടു. ബാറ്റിംഗില്‍ വരുത്തുന്ന പിഴവിനെക്കുറിച്ച് വാട്സണ് നല്ല മുന്‍ധാരണയുണ്ടെന്ന് പരിശീലകന്‍ ഡാരന്‍ ലേമാന്‍ പറഞ്ഞു. അദ്ദേഹം വലിയ സ്കോര്‍ നേടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആദ്യ ഏഴുപേരില്‍ മികച്ച ഒരാളാണ് വാട്സണെന്നും ലീമാന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: