പണ്ടൊക്കെ നാട്ടിന്‍പുറത്ത് നീട്ടിമണിയടിച്ചെത്തുന്ന ഒരു സൈക്കിള്‍ ഞായറാഴ്ചകളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കാത്തിരിക്കുമായിരുന്നു.ഇന്നത്തെ പോലെ എല്ലാ വീടുകളിലും ഫ്രിഡ്ജുകളില്ലാത്തതിനാല്‍ തണുപ്പും മധുരവും ഒരുപോലെ പകരുന്ന ആ രുചി വേണ്ടെന്ന് പറയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. സൈക്കിളിന്റെ പിന്നിലെ തെര്‍മോകോള്‍ പെട്ടിയില്‍ വിവിധ നിറത്തില്‍ കമ്പില്‍ കുത്തിവച്ചിരുന്ന ആ ഐസുകളുടെ കാഴ്ച്ച തന്നെ എത്ര മനേഹരമായിരുന്നു.
ഐസ് സ്റ്റിക്കുകളില്‍ നിന്ന് പ്രിയം പതുക്കെ ഐസ് ക്രീമിലേക്ക് മാറി. പുതിയരൂപത്തില്‍ കാപ്പിലും കവറുകളിലും പേപ്പറുകളിലും വിളമ്പുന്ന ഐസ്ക്രീമിന്റെ കാര്യം പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. വാനില, ചോക്ലേറ്റ്, ബട്ടര്‍സ്കോച്ച്, സ്ട്രോബറി, കസാറ്റാ, കോര്‍നാറ്റോ തുടങ്ങി നിരവധി ഫ്ലേവറുകള്‍ഇന്ന് വിപണിയില്‍ സുലഭം.
പാല്, പാലുല്‍പ്പന്നങ്ങള്‍, ക്രീം, മധുരപദാര്‍ത്ഥങ്ങള്‍, സുഗന്ധത്തിനായി ചില ചേരുവകള്‍, പഴച്ചാറുകള്‍, ഉണങ്ങിയ പഴങ്ങള്‍, പരിപ്പുകള്‍ തുടങ്ങിയവ തണുപ്പിച്ചുണ്ടാക്കുന്ന ഡെസേര്‍ട്ടാണ് ഐസ്ക്രീം. വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളിലാണ് ഐസ്ക്രീം അറിയപ്പെടുന്നത്. കുല്‍ഫിയെന്നാണ് ഇന്ത്യന്‍ ഐസ്ക്രീമുകള്‍ ആദ്യം അറിയപ്പെട്ടിരുന്നത്. ഐസ്ക്രീമിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കൗതുകമേറും. സാധാരണ മഞ്ഞ് പാത്രത്തിലാക്കി അതില്‍ പഴച്ചാര്‍ ഒഴിച്ച് ഭക്ഷിക്കുമായിരുന്നത്രെ മുമ്പെല്ലാം. ഇതാണ് ഐസ്ക്രീമിന്റെ ആദ്യ രൂപം.
ബി.സി 400 ല്‍ പേര്ഷ്യാക്കാര് രാജകീയ വിരുന്നുകളില്‍ ഐസ്, കുങ്കുമപ്പൂവ്, പഴങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്ത ഐസ്ക്രീമുകള്‍ വിളമ്പിയിരുന്നു. അറബികള്‍ പഴച്ചാറുകള്‍ക്ക് പകരം പഞ്ചസാര ഉപയോഗിച്ചതോടെ ഐസ്ക്രീം വ്യവസായികമായി വിപണി തേടുന്നതിന്റെ തുടക്കമാവുകയായിരുന്നു. ഐസ്ക്രീം നിര്‍മ്മിക്കാനുള്ള ആദ്യ പാചക വിധി 18-ാം നൂറ്റാണ്ടില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. 1777 ല്‍ ഐസ്ക്രീന്റെ ആദ്യ പരസ്യം അമേരിക്കന്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ റഫ്രിജറേറ്ററുകളുടെ കടന്നു വരവോടെ എപ്പോള്‍ വേണമെങ്കിലും ഐസ് ഉത്പാദിപ്പിക്കാമെന്നായതോടെ ഐസ്ക്രീമിനു വിലകുറയുകയും അതുവഴി പ്രചാരം ലഭിക്കുകയും ചെയ്തു. വിലയില്‍ കാര്യമായ മാറ്റം സംഭവിച്ചതോടെ ഐസ്ക്രീം വ്യവസായിക രംഗത്ത് വിപ്ലവം സൃഷ്ടിക്കപ്പെടാന്‍ കാരണമായി. ഇങ്ങനെ ഐസ്ക്രീമിന്റെ ചരിത്രം നീണ്ടു പോകുന്നു.
ഊര്‍ജദായകമായ ഒരു മധുരപദാര്‍ഥമാണ് ഐസ്ക്രീം. ഒപ്പം പലതരം പോഷകഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റമിന്‍ എ, ബി, റൈബോഫേവിന്‍, നിയാസിന് എന്നിവയ്ക്കു പുറമേ കാത്സ്യവും അടങ്ങിട്ടുണ്ട്. കൊഴുപ്പിന്റെ അളവ് കുറച്ചു കൂടുതലാണെങ്കിലും മിതമായ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഹാനികരമല്ല. പ്രമേഹരോഗികള്‍ ഐസ്ക്രീമുകള്‍ കഴിക്കുന്നത് അപകടമാണ്, എന്നാല്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടില്ലാത്ത, കൃത്രിമ മധുരം ചേര്‍ത്ത ഐസ്ക്രീമുകള്‍ കുറഞ്ഞ അളവില്‍ അവര്‍ക്കും ആകാം. ഇത്തരം ഐസ്ക്രീമുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.
ഒരു കയറ്റം ഉള്ളതു പോലെ തന്നെ ഇറക്കവും ഉണ്ടാകുമല്ലോ.. ഐസ്ക്രീമുകള്‍ കഴിക്കുന്നതിന് ഗുണത്തെക്കാള്‍ ദോഷങ്ങളാണ് കൂടുതല്‍. വണ്ണം കൂടുതലുള്ളവര്‍ ശ്രദ്ധിക്കേണ്ടത് അതിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവാണ്. വേണ്ടത്ര കായികാധ്വാനമില്ലാത്തവരില്‍ അമിതവണ്ണത്തിനുള്ള സാധ്യത ഐസ്ക്രീം കൂട്ടും. നിറങ്ങളുടെ ഗുണനിലവാരവും ചേര്‍ക്കുന്ന അളവും ആരോഗ്യകരമായ പരിധിയില്‍ പെട്ടതാണോ എന്ന് ഉറപ്പില്ലെങ്കില്‍ അത്തരം ഐസ്ക്രീം വാങ്ങിക്കഴിക്കാതിരിക്കുന്നതാണു നല്ലത്. അലിഞ്ഞതും കല്ലുപോലെ ഉറച്ചതുമായ ഐസ്ക്രീമുകള്‍ കഴിക്കാന്‍ പാടില്ല. ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്ത്മ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോള്‍ ഐസ്ക്രീം നല്ലതല്ല.
ഐസ്ക്രീം കൂടുതല്‍ പതയുന്നതിനായി വാഷിംഗ് പൗഡര്‍ വരെ ഉപയോഗിക്കുന്നതായാണ് കണ്ടെത്തലുകള്‍. കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്തു പാലാണെന്നാണ് പഠനറിപ്പോര്‍ട്ട്. എന്തെല്ലാം മായമായാലും എന്തെല്ലാം രോഗങ്ങള്‍ വന്നാലും ലോകജനതക്ക് ഐസ്ക്രീം എന്നത് വിശിഷ്ട ഭക്ഷണം തന്നെയാണ്. ജൂലൈ മാസമാണ് ഐസ്ക്രീം മാസമായി അമേരിക്ക ആഘോഷിക്കുന്നത്. 1984 ല്‍ അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാര്‍ഡ് റീഗനാണ് അമേരിക്കയുടെ പ്രിയപ്പെട്ട രുചിയ്ക്കായി ജൂലൈയിലെ മൂന്നാമത്തെ ഞായറാഴ്ച്ച സമര്‍പ്പിച്ച് ഐസ്ക്രീം ദിനമായി പ്രഖ്യാപിച്ചത്. ഇന്റര്‍ നാഷണല്‍ ഐസ്ക്രീം അസോസിയേഷനും ലോകത്തെ എല്ലാ ഐസ്ക്രീം പ്രേമികളോടും 2013 ല്‍ ജൂലൈ 21 ന് ലോക ഐസ്ക്രീം ദിനമായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇനി ആരൊക്കെ എന്തൊക്കെ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഒരുകാര്യം പൊതു സത്യമാണ്. വര്‍ഷത്തില്‍ 365 ദിവസവും ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന പാര്‍ട്ടികളിലും സത്ക്കാരങ്ങളിലും ഐസ്ക്രീമിന് ചക്രവര്‍ത്തിയുടെസ്ഥാനം തന്നെയാണ്.
എസ്. ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: