തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ ഉടന്‍ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി നിയോഗിച്ചതിനാലാണ് മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്. ഏല്പിച്ച ഉത്തരവാദിത്വം എന്തപമാനവും സഹിച്ച് നല്ല നിലയില്‍ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കെ.എം.മാണിയുടെ പേരുപറഞ്ഞ് നടത്തിയ നീക്കങ്ങള്‍ക്ക് അദ്ദേഹം തന്നെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷം കുറവാണെന്നും കൈകാട്ടിയാല്‍ വീഴുമെന്നുമൊക്കെയാണ് മന്ത്രിസഭയെ കുറിച്ച് പറഞ്ഞിരുന്നത്. അതൊന്നും നടക്കാതെ വന്നപ്പോഴാണ് പുതിയ അടവുകളുമായി രംഗത്തെത്തിയത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്റാണ് തീരുമാനമെടുക്കേണ്ടത്. മുന്നണിക്കുള്ളിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇതുവരെ മന്ത്രിസഭാംഗങ്ങള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടു പോകുന്നത്. മുന്സര്ക്കാരിന്രെ കാലത്ത് അങ്ങനെയായിരുന്നില്ല.
സോളാര്‍ കേസ് അന്വേഷണത്തിന്റെ നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെക്ക് തന്നിട്ടുണ്ട്. എന്നാല്‍ ചെക്കു തരുന്ന എല്ലാവരുടെയും ചിത്രം എടുത്തു വയ്ക്കാറില്ല. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പറഞ്ഞ സിപിഎം അതില്‍ നിന്ന് പിന്മാറി. അവരുടെ കാലത്താണ് സിസിടിവി കള്‍ വച്ചത്. പരിശോധിച്ചിട്ട് കാര്യമില്ലെന്ന് അവര്‍ക്കറിയാം. മാഞ്ഞുപോയ ദൃശ്യങ്ങള്‍ തിരികെ പിടിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ അതും നോക്കാം. അതിനും അവര്‍ തയ്യാറാകുന്നില്ല. സിബിഐ അന്വേഷണക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നിട്ടും പ്രതിപക്ഷം സിബിഐ അന്വേഷണത്തെ എതിര്‍ത്തു. ഇപ്പോഴത്തെ അന്വേഷണത്തില്‍ അവര്‍ക്കുള്ള വിശ്വാസമാണ് അതുകാണിക്കുന്നത്.
പുതിയ കഥകള്‍ ഉണ്ടാക്കി വിവാദം ആളിക്കത്തിച്ചു നിര്‍ത്താന്‍ മാത്രമാണ് പ്രതിപക്ഷത്തിനു താല്പര്യമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിനു താല്പര്യം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനു ശേഷം അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വേറെ ഏത് അന്വേഷണവും പരിഗണിക്കാവുന്നതാണ്. അതിനൊന്നും വഴങ്ങാത്ത പ്രതിപക്ഷത്തിന് രാഷ്ട്രീയ താല്പര്യങ്ങള് മാത്രമാണുള്ളത്.
ജനാധിപത്യ വ്യവസ്ഥയില്‍ സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ജനാധിപത്യസംവിധാനത്തില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നീതിയുക്തമാണോ എന്ന് ചിന്തിക്കണം. ജനസമ്പര്‍ക്കപരിപാടിയെ അട്ടിമറിക്കാന്‍ ജനങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ നേതൃത്വത്തിലുള്ള ആശ്രയട്രസ്റ്റ് സോളാര്‍ തട്ടിപ്പുകാരില്‍ നിന്ന് ഒരുപൈസാപോലും സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. താനിപ്പോള്‍ ട്രസ്റ്റിന്റെ ഭാരവാഹിയല്ല. പാവപ്പെട്ടവര്‍ക്ക് മരുന്ന് വാങ്ങിക്കൊടുക്കാനുള്ള സംവിധാനമാണത്. ട്രസ്റ്റിലേക്ക് വരുന്ന ഓരോ രൂപയ്ക്കും തനിക്ക് ഉത്തരവാദിത്വമുണ്ട്. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: