ന്യൂദല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായിരുന്ന സജ്ജന്‍കുമാറിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സിഖുകാരെ കൊല്ലുകയും കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്തു എന്നീ കുറ്റങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഇതോടെ സജ്ജന്‍കുമാറിനെതിരായ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടരാന്‍ കീഴ്ക്കോടതിക്ക് അനുമതിയായി. ഹൈക്കോടതി തീരുമാനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ദല്‍ഹി സുല്‍ത്താന്‍പുരിയില്‍ ആറു സിഖുസമുദായാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ കീഴ്ക്കോടതി വിധിക്കെതിരെ സജ്ജന്‍കുമാര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് സുരേഷ് ഖെയ്ത് പറഞ്ഞു. സജ്ജന്‍കുമാറിനൊപ്പം പ്രതികളായ മറ്റു നാലുപേരുടെയും വിചാരണ തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ സജ്ജന്‍കുമാര്‍ കലാപം സംഘടിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ചേര്‍ക്കണമെന്ന കലാപത്തിനിരയായ ഷീല കൗറിന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
ഹൈക്കോടതി വിധിയോടെ സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിനെതിരായ കീഴ്കോടതിയിലെ വിചാരണ നടപടികള്‍ ആരംഭിക്കാനാകും. 2010 ജൂലൈയിലാണ് കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍കുമാര്‍,ബ്രഹ്മാനന്ദ് ഗുപ്ത,പെരു,കുശാല്‍ സിങ്, വേദ് പ്രകാശ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കൊലപാതകത്തിനും കലാപത്തിനും പുറമേ ഇരുസമുദായങ്ങളും തമ്മിലുള്ള ഐക്യം തകര്‍ക്കുന്നതിനു ശ്രമിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.
2005ല്‍ ജസ്റ്റിസ് നാനാവതി കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ 2010 ജനുവരിയിലാണ് സജ്ജന്കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 1984ലെ കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലും സജ്ജന്കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കേസ് വിചാരണ നടന്നെങ്കിലും വെറുതെവിട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ മറ്റ് അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: