മരട്: നെട്ടൂരിലെ ശാന്തിവനം പൊതുശ്മശാനത്തിനെതിരെയുള്ള ഭൂമാഫിയകളുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക പ്രതിഷേധം. മരട് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്മശാനത്തിന്റെ പ്രയോജനം ഏറെയും ഹൈന്ദവജന വിഭാഗങ്ങള്‍ക്കാണ്. അതിനാല്‍ ഇതിനെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.
ശ്മശാനം നിര്‍ത്തലാക്കുവാനും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടയാനും മുമ്പും പലശ്രമങ്ങളും നടന്നതായി നാട്ടുകാര്‍ പറയുന്നു. ശാന്തിവനത്തിലേക്കുള്ള റോഡ് പെട്ടിപ്പൊളിച്ചത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ശ്മശാനത്തിനെതിരെ ചില ഭൂമി ഇടപാടുകാരും ഒരു ഫ്ലാറ്റ് ഉടമയും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് സജീവമായിരുന്നു. നെട്ടൂര്‍-കേട്ടേഴുത്തും കടവ് റോഡില്‍ ശ്മാശാനത്തിന്റെ ദിശസൂചിപ്പിക്കുന്ന കോണ്‍ക്രീറ്റ് ബോര്‍ഡ് നഗരസഭയാണ് സ്ഥാപിച്ചിരുന്നത്. ഇത് തകര്‍ത്ത് സമീപത്തെ കാനയില്‍ നിക്ഷേപിച്ചനിലയിലാണ് കഴിഞ്ഞ ദിവസം കാണപ്പെട്ടത്. അടുത്ത പ്രദേശത്ത് ഒരു സ്വകാര്യവ്യക്തി വാങ്ങിക്കൂട്ടിയ കായല്‍ തീരം ഉല്‍പ്പെടുന്ന ഭൂമി വന്‍വിലക്ക് മറിച്ചു വില്ക്കാന് നീക്കം നടന്നു വരികയാണത്രെ. എന്നാല്‍ സമീപത്തുതന്നെ പൊതുശ്മശാനം ഉള്ളത് ഭൂമി ഇടപാടുകാര്‍ക്ക് കൂടുതല്‍ തുകക്ക് മറിച്ചു വില്ക്കാന് തടസ്സമാകുന്നുണ്ടെന്ന് പറയപ്പെടുന്നു. ശ്മശാനത്തിന്റെ ബോര്‍ഡ് തകര്‍ത്തതിനു പിന്നിലുള്ള ഗൂഡാലോചനക്ക് കാരണം ഇതാണെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
കായലോരത്ത് അര ഏക്കറോളം സ്ഥലത്താണ് നഗരസഭയുടെ വക ശാന്തിവനം പൊതുശ്മശാനം, പത്തികിലോമീറ്റര് ചുറ്റളവില്‍ മരിക്കുന്ന വിവിധ സമുദായങ്ങളില്‍പ്പെടുന്ന ഹിന്ദുക്കളുടെ മൃതശരീരങ്ങള്‍ ഇവിടെയാണ് സംസ്കരിച്ചുവരുന്നത്. നഗരസഭയുടെ കരാറുകാരനാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള വിറകും മറ്റും ഒരുക്കുന്നത്. ഇതിനായി പ്രത്യേക നടത്തിപ്പുകാരനേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. നെട്ടൂരിലെ ശ്മശാനം ഇല്ലാതായാല്‍ മൃതദേഹങ്ങളുമായി തൃപ്പൂണിത്തുറയിലേക്കോ, എറണാകുളം രവിപുരത്തേക്കോ പോകേണ്ട സ്ഥിതിയാകും ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: