ന്യൂയോര്‍ക്ക്: കറുത്തവര്‍ഗക്കാരനായ യുവാവിനെ വെടിവച്ചുകൊന്നെന്ന കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അമേരിക്കയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. കേസിലെ വിധിയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് അടക്കം നിരവധി നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ശാന്തരായിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആഹ്വാനം ചെയ്തു.
പതിനേഴുവയസുകാരനായ കറുത്തവര്ഗക്കാരന് ട്രൈവോണ്‍ മാര്‍ട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോര്‍ജ് സിമ്മെര്മാനെയാണ് ഫ്ലോറിഡ കോടതി വെറുതെവിട്ടത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ജനകീയ പോലീസിലെ അംഗമായ സിമ്മെര്മാന് കഴിഞ്ഞ ഫെബ്രുവരിയാണ് മാര്‍ട്ടിനെ കൊന്നത്. യുഎസിലെ തോക്ക് ലൈസന്‍സ്, പൊതുജനാവകാശം തുടങ്ങിയവയെ സംബന്ധിച്ച് വ്യാപക ചര്‍ച്ചയ്ക്ക് സംഭവം വഴിതെളിച്ചിരുന്നു.
പതിമൂന്നു മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു സ്റ്റാന്‍ഫോര്‍ഡിലെ ക്രിമിനല്‍ നീതിന്യായ കോടതി കേസില്‍ വിധി പ്രസ്താവിച്ചത്. 56 സാക്ഷികളുടെ വിസ്താരം ഉള്‍പ്പെടെയുള്ള നടപടിക്കള്ക്കുശേഷം, ആത്മരക്ഷാര്‍ഥമാണ് വെടിവച്ചതെന്ന സിമ്മെര്മാന്റെ വാദം കോടതി അംഗീകരിച്ചു.
വിധിക്കുപിന്നാലെ അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അനേകംപേര്‍ തെരുവിലിറങ്ങി. വിധി പുനപ്പരിശോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് നഗരത്തില്‍ ചെറിയ സംഘം ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പിന്നീട് ആയിരങ്ങള്‍ അണിനിരന്നു. ടൈംസ്ക്വയറിലും പ്രതിഷേധത്തിന്റെ അലയൊലികള്‍ മുഴങ്ങി. .വാഷിങ്ങ്ടണ്‍,അറ്റ്ലാന്റ, സാന്‍ഫ്രാന്‍സിക്സോ, ചിക്കാഗോ, ഫിലാഡെല്‍ഫിയ, ബോസ്റ്റണ്‍ തുടങ്ങിടയങ്ങളും പ്രതിഷേധ വേദികളായി. ലോസ് ആഞ്ചലസില്‍ പ്രകടനക്കാര്‍ ഗതാഗത തടസം സൃഷ്ടിച്ചു. തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ചിട്ടു. ചിലയിടങ്ങളില്‍ പോലീസിനുനേരെ കല്ലേറുമുണ്ടായി.
അക്രമംപടരുമെന്ന ഭീതിയില്‍ ഒബാമ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. എല്ലാപേരും ശാന്തരാകുക. അമേരിക്കയില്‍ നിരവധിപേരുടെ ജീവനെടുത്ത വെടിവെയ്പ്പുകള്‍ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നോണ്ടെയെന്ന് സ്വയം ചോദിക്കുക. നിയമ സംഹിതയുള്ള രാജ്യമാണിത്. കാപട്യമില്ലാത്തൊരു ജൂറിയും നമുക്കുണ്ട്, ഒബാമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: