പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി ചെമ്പാരത്ത്കുന്ന് എല്‍പി സ്കൂളില്‍ നടന്ന സ്ഫോടനത്തെത്തുടര്‍ന്ന് പാചകപ്പുരയുടെ ഒരുഭാഗം ഭാഗീകമായി തകര്‍ന്നു. സ്കൂളില്‍ പടിഞ്ഞാറ് വശത്തുള്ള പാചകപ്പുരയുടെ ഒരു കാല് പൂര്‍ണ്ണമായും തകര്‍ന്നു. മറ്റൊരു കാലില്‍ പൊട്ടല്വീണ് നിലംപൊത്താവുന്ന അവസ്ഥയിലുമാണുള്ളത്. കുട്ടികള്‍ക്ക് ആഹാരം കഴിക്കുന്നതിനുള്ള മുറിയിലെ ഒരു ഭിത്തിയും തകര്‍ന്നിട്ടുണ്ട്. നാല് തോട്ടകള്‍ ഉപയോഗിച്ചാണ് കെട്ടിടം തകര്‍ക്കുന്നതിനുള്ള ശ്രമം നടത്തിയിരിക്കുന്നത്. തോട്ടയുടെ തിരിയുടെ അവശിഷ്ടങ്ങള്‍ സ്കൂള്‍ അധികൃതര്‍ക്കും പോലീസിനും ലഭിച്ചു.
ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിക്കാണ് സ്ഫോടനം നടന്നത്. തൊട്ടടുത്ത് താമസിക്കുന്ന പിടിഎ പ്രസിഡന്റ് എം.ഇ.കാതിരുകുഞ്ഞാണ് സ്ഫോടനം കേട്ടയുടനെ വിവരം നാട്ടുകാരെ അറിയിച്ചത്. പാചകപ്പുരയുടെ മൂന്ന് തൂണുകളിലായി ഓരോ തോട്ടകളുടെ തിരി കെട്ടിവച്ചിരിക്കുകയായിരുന്നുവെന്നും ഒരെണ്ണം പാചകപ്പുരയുടെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞ നിലയിലുമാണ് അവശിഷ്ടങ്ങള്‍ കാണപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. സ്കൂളിലെ മറ്റ് കെട്ടിടങ്ങള്‍ക്കൊന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.
റൂറല്‍ എസ്പി സതീഷ് ബിനോ, പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ഹരികൃഷ്ണന്, സിഐ വി.റോയി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധ സൂസന് ആന്റണി തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്കൂള്‍ മാനേജര്‍ എ.പി.കുഞ്ഞുമുഹമ്മദ് സെക്രട്ടറിയായുള്ള ചെമ്പാരത്തുകുന്ന് മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷനാണ് സ്കൂളിന്റെ ഭരണം നടത്തിവരുന്നത്.
എന്നാല്‍ നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഇത്തരത്തില്‍ ഒരു സ്ഫോടനം നടന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 1968ല്‍ പോഞ്ഞാശ്ശേരി കള്‍ച്ചറല്‍ അസോസിയേഷനാണ് ഈ സ്കൂള്‍ നിര്‍മ്മിച്ചത്. പിന്നീട് സംഘടനയുടെ പേര് മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷന് എന്നാക്കി മാറ്റുകയായിരുന്നു. അസോസിയേഷന്റെ സെക്രട്ടറിയാണ് സ്കൂളിന്റെ മാനേജരാകുന്നത്. എന്നാല്‍ സംഘടനക്കുള്ളില്‍ രണ്ട് വിഭാഗങ്ങളായി തര്‍ക്കം മൂത്തപ്പോള്‍ ഒരുവര്‍ഷം മുമ്പുണ്ടായ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ ഭരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: