കൊച്ചി: കൊച്ചിയിലെ വിവിധ ഗതാഗതപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും കേന്ദ്രഗവര്മെന്റ് ചുമതലപ്പെടുത്തിയ സ്ഥാപനമാണ് സിഡിഐഎ (സിറ്റി ഡെവലപ്മെന്റ് ഇനീഷേറ്റീവ് ഫോര്‍ ഏഷ്യ) അതനുസരിച്ച് കൊച്ചിയിലെ ഗതാഗതപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുകയും അതിന്റെ വിശദമായ പ്രവര്‍ത്തനറിപ്പോര്‍ട്ട് കൊച്ചി അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ടിന്റെ പ്രി-ഫിസിബിലിറ്റി പഠനം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് വ്യക്തമായ സര്‍വ്വേകളുടേയും ശാസ്ത്രീയമായ പഠനത്തിന്റേയും അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതും കൊച്ചിയിലെ ജലഗതാഗതം അടക്കമുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് വ്യക്തമായ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച മേയറുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 9 മണിക്ക് മേയറുടെ ചേംബറില്‍ ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ഏലിയാസ് ജോര്‍ജ്ജ്, ഡെപ്യൂട്ടി മേയര്‍ ഭദ്ര ബി, ടൗണ്‍ പ്ലാനിംഗ് കമ്മറ്റി ചെയര്മാന് കെ.ജെ സോഹന്‍, സിഡിഐഎ പ്രതിനിധി ബാലകൃഷ്ണന് എളങ്കോവന്, അഡീഷണല്‍ സെക്രട്ടറി ജി. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിയിലെ ഗതാഗത സംവിധാനങ്ങള്‍ ആധുനിക രീതിയില്‍ ഏകോപിപ്പിക്കുന്നതിനും മികച്ചരീതിയില്‍ സംവിധാനം ചെയ്യുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ മാര്ഗ്ഗനിര്ദ്ദേശപ്രകാരമുള്ളതും നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ളതുമായ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (സിഡിഐഎ) രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ ധാരണയായി. അതുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സഹകരിക്കാമെന്ന് സിഡിഐഎ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
സിഡിഐഎ സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കാനുതകുന്ന തരത്തിലുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുന്നതിന് യോഗം നിര്‍ദ്ദേശിച്ചു.. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പൂര്‍ണ്ണ പിന്തുണയോടെയും സഹകരണത്തോടെയുമായിരിക്കും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.
സിഡിഐഎ റിപ്പോര്‍ട്ടില്‍ പ്രത്യേക ഊന്നല്‍ നല്കിയ മേഖല കൊച്ചിയിലെ ജലഗതാഗതവുമായി ബന്ധപ്പെട്ടാണ്. ജലഗതാഗതത്തിന് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനികമായ ഫെറി സര്‍വ്വീസുകളും ബോട്ട് ജെട്ടികളും അടക്കം ജലഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സിഡിഐഎയുടെ സഹകരണത്തോടെ ആരംഭിക്കുന്നതിനും യോഗത്തില്‍ ധാരണയായി. അതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തികം അടക്കമുള്ള സഹായം തേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ യോഗം നിര്‍ദ്ദേശിച്ചു. ബഹു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, സിഡിഐഎ എന്നീ സ്ഥാപനങ്ങള്‍ പരസ്പരം സഹകരിച്ചുകൊണ്ട് സംയുക്തമായിട്ടായിരിക്കും ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: