പെരുമ്പാവൂര്‍: കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളും ലക്ഷക്കണക്കിന് രൂപയുടെ പുഴ മണലും പെരുമ്പാവൂര്‍, കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി വെറുതെ കിടന്ന് നശിക്കുന്നു. വിവിധ മണല്‍ കയറ്റിയ കേസുകളില്‍ പെട്ടതാണ് വാഹനങ്ങളും മണലും. കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്ന ഇത്തരം വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലം ചിലയിടങ്ങളില്‍ ഗതാഗത തടസ്സം രൂക്ഷമാകുന്നുണ്ട്. എല്ലാ സ്റ്റേഷനുകളിലും ഇത്തരം വാഹനങ്ങള്‍ പൊതുസ്ഥലങ്ങളിലും റോഡരികിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഉടമസ്ഥര്‍ തിരിഞ്ഞുനോക്കാത്ത വാഹനങ്ങളും മണലും കാടുകയറിയും തുരുമ്പെടുത്തും ഉപയോഗശൂന്യമാവുകയാണ്.
നൂറ് കണക്കിന് ടിപ്പര്‍ ലോറികളും മിനിലോറികളുമാണ് പോലീസ് പിടിയിലായവയില്‍ ഏറെയും. ലോറികളുടെ ഇരുമ്പുകൊണ്ട് നിര്‍മിച്ച ഭാഗങ്ങളെല്ലാം തുരുമ്പെടുത്തും മരം ഉപയോഗിച്ച് നിര്‍മിച്ച ഭാഗങ്ങള്‍ ചിതലെടുത്തും മഴയില്‍ കുതിര്‍ന്നും നാശമായിരിക്കുകയാണ്. ഇവയില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മണല്‍ മഴയെത്തുടര്‍ന്ന് നിലത്ത് വീണ് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇങ്ങനെ പിടികൂടിയിട്ടുള്ള വാഹനങ്ങളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ രേഖകള്‍ ഇല്ലാത്തവയായതിനാലാണ് ഉടമസ്ഥര്‍ ആവശ്യപ്പെടാത്തത്.
പെരുമ്പാവൂര്‍ നഗരസഭക്കുള്ളില്‍ വിവിധ ഭാഗങ്ങളിലാണ് ഇത്തരം മണല്‍ ലോറികള്‍ കൂട്ടിയിട്ടിരിക്കുന്നത്. പാലക്കാട്ട് താഴം പാലത്തിനിടയിലുള്ള എഎം റോഡിനോട് ചേര്‍ന്ന ഭാഗം മണല്‍ ലോറികളുടെ ശവപ്പറമ്പ് പോലെയാണ്. ഇത്തരം ലോറികളിലെ തുരുമ്പെടുത്ത ഭാഗങ്ങള്‍ വീണ് ഇവിടെ ഭൂമിക്ക് വരെ ദോഷമാകുന്നുണ്ടെന്നാണ് ചില വിദഗ്ദ്ധര്‍ പറയുന്നത്. മിക്ക വാഹനങ്ങളുടേയും സൈഡ് ബോഡി തുറന്ന് മണല്‍ മുഴുവനും നിലത്ത് വീണ് മഴ പെയ്യുമ്പോള്‍ ഒഴുകിപ്പോവുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ മണല്‍ മോഷണവും നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
നഗരസഭ ലൈബ്രറി പരിസരത്തും തൊട്ടടുത്തുള്ള മൈതാനത്തും നിരവധി ലോഡ് മണലും വാഹനവും കാട് കയറി നശിച്ചുപോകുന്നുണ്ട്. കുറുപ്പംപടി പഞ്ചായത്ത് ബസ്സ്റ്റാന്റിനോട് ചേര്‍ന്നും ഇത്തരം നിരവധി വാഹനങ്ങളാണ് നാശമാകുന്നത്. ഇവിടെയുള്ള മണലും വാഹനങ്ങളും ഉടമസ്ഥന് വിട്ട് നല്കിയാലും ഉപയോഗിക്കുവാന്‍ സാധിക്കാത്ത തരത്തിലാണുള്ളത്. എന്നാല്‍ പെരുമ്പാവൂര്‍ കോടതി റോഡില്‍ നിരത്തിയിട്ടിരിക്കുന്ന ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനും നാട്ടുകാര്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനുമാണ് സഹായിക്കുന്നത്.
നല്ല മണല്‍ ലഭ്യമല്ലാത്ത ഈ സാഹചര്യത്തില്‍ സര്‍ക്കാരും കോടതികളും ഇടപെട്ട് വെറുതെ കിടന്ന് നശിക്കുന്ന മണല്‍ അത്യാവശ്യക്കാര്‍ക്ക് നല്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രകൃതിക്ക് വരെ ദോഷം ചെയ്യുന്ന തരത്തില്‍ തുരുമ്പെടുത്ത് നശിക്കുന്ന ഉടമസ്ഥനില്ലാത്ത വാഹനങ്ങള്‍ നിലവില്‍ ഇട്ടിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് മാറ്റി പെരുമ്പാവൂരിലെ യാത്രാക്ലേശത്തിന് പരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: