നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍നിന്നും സ്വര്‍ണവും ഡോളറും പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന 3 കിലോ സ്വര്‍ണ്ണവും 4500 ഡോളറുമാണ് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ 4.30ന് ദുബായില്‍നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇകെ 0532 എമറൈറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കാസര്‍കോഡ് സ്വദേശി മന്കേരി സെയ്തു മുഹമ്മദ് ജംസീറിന്റെ ബാഗേജില്‍നിന്നാണ് 1 കിലോ സ്വര്‍ണ്ണകട്ടിയും 4500 ഡോളറും പിടിക്കൂടിയത്. ദുബായില്‍നിന്നും വന്ന ഇയാള്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ബാഗ് എടുക്കാതെ പുറത്തേക്ക് പോയി.
പിന്നീട് മറന്നുപോയി എന്ന നിലയില്‍ തിരിച്ച് ബാഗ് എടുക്കാന്‍ വന്നപ്പോള്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും ഡോളറും കണ്ടെത്തിയത്. ഇയാള്‍ കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണകട്ടിക്ക് 27,99,000 രൂപ വില വരും. തൊട്ടുപുറകെ ദുബായില്‍നിന്ന് രാവിലെ 8.30ന് എത്തിയ ഇകെ 530 എമിറൈറ്റ്സ് വിമാനത്തില്‍ എത്തിയ കാസര്‍കോഡ് സ്വദേശി ഗോപന് അബ്ബാസ് അബ്ദുള്‍ റഫീകിന്റെ കൈവശത്തില്നിന്നാണ് രണ്ടു കിലോ സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുവാന്‍ ഇയാള്‍ ഒരുങ്ങവെ നടത്തത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഷൂസിന്റെ ഉള്ളില്‍ പ്രത്യേകം പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന രണ്ടു കിലോ സ്വര്‍ണകട്ടി പിടികൂടി. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് പ്രത്യേക കവറിലാക്കിയാണ് കാലില്‍ ഇട്ടിരുന്ന ഷൂസില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55,98,000 രൂപ വില വരും.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നും അനധികൃതമായി കൊണ്ടു വന്ന രണ്ടരകോടിയോളം വിലവരുന്ന സ്വര്‍ണ്ണം വിമാനത്താവള കസ്റ്റംസ് വിജിലിന്‍സ് വിഭാഗം പിടിക്കൂടിയിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥര്‍ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണവും ഡോളറും പിടിക്കൂടിയത്. ബുധനാഴ്ച രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വന്ന യാത്രക്കാരന്റെ കൈവശത്തുനിന്നും അനധികൃതമായി കൊണ്ടുവന്ന ആറുലക്ഷത്തോളം വിലവരുന്ന 45 മൊബൈല്‍ഫോണും ഒരു ടാബ്ലെറ്റും പരിശോധനയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് പിടിക്കൂടിയിരുന്നു.
ചൈനയില്‍നിന്നും കൊളംബോ വഴിയാണ് അനധികൃതമായി മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ യാത്രക്കാരെ പരിശോധിച്ച് സ്വര്‍ണം പിടികൂടിയ സംഘത്തില്‍ കെ.ജെ. ബിജുമോന്, സി. ശ്രീധരന്, കെ. എം. അബ്ദുള്‍ സമദ്, കെ.ജി. ജോസി, ഇ.വി. ശിവരാമന്, ചെഞ്ചു രാമന് തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: