കൊച്ചി: എറണാകുളം എംജി റോഡിലുള്ള മലബാര്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുവാന്‍ ശ്രമിച്ചക്കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ പര്‍ഗാന, സൗത്ത് ഭംഗര്‍, ഇംഗ്രിഷംഗ് ഷഹാര്‍, യാസിന് ഷേഖ് (54), ഇയാളുടെ ഭാര്യ മുംതാസ് ബീഗം (50), നസറുള്‍ ഇസ്ലാമുള്ളയുടെ ഭാര്യ നൊബിയ ബിവി (45), സനോവര്‍ ഷേഖിന്റെ ഭാര്യ ആമിനഷേഖ് (55) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന മലബാര്‍ ജ്വല്ലറിയില്‍ എത്തുകയും, ജ്വല്ലറിയിലെ സെയില്‍സ്മാനായ റോണി ഇവര്‍ക്ക് വിവിധ ഫാഷനുകളിലുള്ള സ്വര്‍ണ്ണ വളകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇതിനിടെ ഇവര്‍ പരസ്പരം നോക്കുകയും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ ശ്രദ്ധിക്കുന്നതായി കണ്ട് ഇവര്‍ വേഗം കടയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു. എന്നാല്‍ 2011 മാര്‍ച്ച് 12നും ഈ ജ്വല്ലറിയില്‍ നിന്നും പാദസരം മോഷ്ടിച്ചു കൊണ്ടുപോയ സ്ത്രീകളാണോ ഇവരെന്ന സംശയത്തില്‍ പഴയ വീഡിയോക്ലിംപ്പിങ്ങുകള് നോക്കിയതില്‍ കഴിഞ്ഞ ദിവസം ഇവടെ വന്ന സ്ത്രീകളാണെന്ന് മനസ്സിലായി. ഉടനെ ജ്വല്ലറി മാനേജരായ ജോസഫ് ഗില്‍ബര്‍ട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ ഇന്നലെ വൈകിട്ടോടുകൂടി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജുകളില്‍ നിന്നും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മംഗലാപുരത്തുള്ള ഗോള്‍ഡ് പാലസ്, തനിഷ്ക് ജ്വവല്ലറി, കോഴിക്കോടുള്ള മലബാര്‍ ഗോള്‍ഡ് പാര്‍ക്ക് ജ്വവല്ലറി, ബംഗ്ലൂരുള്ള റിലയന്‍സ് ജ്വല്ലറി, എറണാകുളം ആലപ്പാട്ട് ജ്വല്ലറി എന്നിവിടങ്ങളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയതായും, എറണാകുളം ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറിയില്‍ നിന്നും മോഷണശ്രമം നടത്തിയതായു പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്ക് കര്‍ണ്ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളില്‍ പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതികളില്‍ നിന്നും 150000 രൂപയും, മോഷണത്തിനായി ഉപയോഗിച്ചിരുന്ന മുക്കുപണ്ടങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജെയിംസ്, ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുധീഷ് ബാബുവിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി, സെന്‍ട്രല്‍ എസ്ഐ അനന്തലാല്‍, ജൂനിയര്‍ എസ്ഐ ശ്രീകുമാര്‍, വനിത എസ്ഐ ലൈലാ കുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയികുമാര്‍, സലിം, സിവില്‍ പോലീസ് ഓഫീസര്‍ ജോബി, വനിത സിവില്‍ പോലീസ് ഓഫീസര്‍ വിദ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: