കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്ണ്ണതോതിലെത്തും. ആലുവ മുതല്‍ പേട്ടവരെയുള്ള നാല് റീച്ചില്‍ മൂന്ന് റീച്ചിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എറണാകുളം സൗത്ത് മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത്. ഈറ കമ്പനിയ്ക്കാണ് നാലാം റീച്ചിലെ നിര്‍മ്മാണ ചുമതല. ഇവര്‍ക്ക് കൊച്ചിയില്‍ ഓഫീസില്ലാത്തതാണ് നിര്‍മ്മാണത്തിന് തടസ്സമായിമാറുന്നത്. അടുത്തആഴ്ചയോടെ യന്ത്രങ്ങളെല്ലാം എത്തിച്ച് നിര്‍മ്മാണം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണിവര്‍.
ആദ്യരണ്ട് റീച്ചില്‍ എല്‍ ആന്റ് ടീയും മൂന്നാം റീച്ചില്‍ സോമയ്ക്കുമാണ് നിര്‍മ്മാണ ചുമതല. മൂന്നാംറീച്ചിലെ ടെസ്റ്റ് പൈലിംഗ് ബുധനാഴ്ച ആരംഭിച്ചിരുന്നു. ഇതിനിടയില്‍ കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)ന്റെ കൊച്ചിയിലെ ആസ്ഥാനത്ത് റിവേഴ്സ് ക്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സി ഓഫീസിന്റെ ഇടനാഴിയിലാണ് റിവേഴ്സ് ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളത്.
ഡിഎംആര്‍സി പ്രവര്‍ത്തനം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള റിവേഴ്സ് ക്ലോക്ക് സ്ഥാപിക്കാറുണ്ട്. ജീവനക്കാരേയും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരേയും തങ്ങളുടെ മുന്നിലുള്ള ദൗത്യത്തെ എല്ലായ്പോഴും ഓര്മപ്പെടുത്തുകയെന്നതാണ് റിവേഴ്സ് ക്ലോക്കിലൂടെ ലക്ഷ്യമിടുന്നത്.മുഖ്യമന്ത്രി കലൂര്‍ സ്റ്റേഡിയത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത ജൂണ്‍ ഏഴ് എന്ന ദിവസത്തെ ആധാരമാക്കിയാണ് റിവേഴ്സ് ക്ലോക്ക് പ്രവര്‍ത്തിക്കുന്നതെങ്കിലും ലക്ഷ്യ ദിവസത്തിന് വ്യത്യാസമുണ്ട്. പദ്ധതി നിര്‍വഹണം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് രണ്ടു ഘട്ടങ്ങളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടവും പാലാരിവട്ടം മുതല്‍ പേട്ടവരെയുള്ള രണ്ടാം ഘട്ടവും.
ആദ്യഘട്ടം 2015 ഡിസംബറില്‍ പൂര്‍ത്തിയാക്കുന്നതിനും രണ്ടാം ഘട്ടം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതില്‍ ആദ്യ ഘട്ടത്തിന്റെ പൂര്‍ത്തീകരണ ദിവസത്തെ അടിസ്ഥാനമാക്കിയാണ് റിവേഴ്സ് ക്ലോക്കിലെ ദിവസങ്ങള്‍ മാറുക. ഇന്നലെ ഡിഎംആര്‍സി ആസ്ഥാനത്തെ റിവേഴ്സ് ക്ലോക്കില്‍ കാണിച്ചിരിക്കുന്ന ലക്ഷ്യ ദിനങ്ങള്‍ 904 ആണ്.ഓരോ ദിവസങ്ങളും ഓരോ മണിക്കൂറുകളും പകുത്ത് ദൗത്യത്തേയും ചെയ്യേണ്ട ജോലികളേയും നിര്‍വചിക്കുകയാണ് ഇ ശ്രീധരന്റെ രീതി. ഇപ്പോള്‍ ഇടനാഴിയില്‍ മാത്രമാണ് റിവേഴ്സ് ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളതെങ്കിലും എല്ലാ ഓഫീസര്‍മാരുടെ മുറികളിലും മറ്റ് സൈറ്റുകളിലും ഇത് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ശ്രീധരന് നല്‍കിയതായി ഡിഎംആര്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.കൊങ്കണ്‍ റെയില്‍വെയുടെ നിര്‍മാണ കാലത്താണ് റിവേഴ്സ് ക്ലോക്ക് സ്ഥാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതി ശ്രീധരന് അവലംബിച്ചു തുടങ്ങിയത്.
കൊങ്കണ്‍ റെയില്‍വേയുടെ എല്ലാ സൈറ്റുകളിലും റിവേഴ്സ് ക്ലോക്ക് സ്ഥാപിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി യഥാര്‍ഥ കാലയളവിനേക്കാള്‍ നിശ്ചിത ശതമാനം ദിവസങ്ങള്‍ കുറച്ച് ലക്ഷ്യദിനത്തെ തീരുമാനിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി റിവേഴ്സ് ക്ലോക്ക് പ്രവര്‍ത്തിപ്പിക്കുകയുമാണ് ശ്രീധരന്റെ രീതി.ഡല്‍ഹി മെട്രോയുടെ നിര്‍മാണവേളയിലും റിവേഴ്സ് ക്ലോക്ക് സ്ഥാപിച്ചിരുന്നു. കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തീകരണത്തിന് ലക്ഷ്യമിട്ടിരിക്കുന്നതിലും മൂന്നു മാസം മുമ്പുതന്നെ ഇതു സാധ്യമാക്കണമെന്ന നിര്‍ദേശമാണ് ശ്രീധരന് നല്‍കിയിരിക്കുന്നത്.
മൂന്നു മാസം തുടര്‍ച്ചയായി ട്രയല്‍ റണ്‍ വേണ്ടി വരുന്നതിനാലാണിതെന്നും ഡിഎംആര്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ആദ്യം പരീക്ഷണാത്ഥം ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് ട്രെയിന്‍ ഓടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: